സീതത്തോട്: സീതത്തോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മാറമ്പുടത്തിൽ ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ, വ്യാജരേഖ ചമച്ച് പണയ ഉരുപ്പടികൾ മോഷ്ടിച്ചെന്ന പരാതിയിൽ ജീവനക്കാരിൽ രണ്ടുപേരെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു.
2016 ഏപ്രിൽ മുതൽ 2021 ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിലാണ് സംഭവം. സ്ഥാപനത്തിൽ മാനേജരായിരുന്ന സീതത്തോട് കൊച്ചുകോയിക്കൽ പുതുപ്പറമ്പിൽ രമ്യ രാജൻ (32), സീതത്തോട് കൊച്ചുകോയിക്കൽ കല്ലോൺ വീട്ടിൽ ഭുവനമോൾ (34) എന്നിവരാണ് അറസ്റ്റിലായത്.
സ്ഥാപന ഉടമയായ കോട്ടയം കോതനല്ലൂർ കരുമുള്ളൂർ മാറം പുത്തിൽ റോയ് മാത്യു, റാന്നി ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ചിറ്റാർ പോലീസിനു കൈമാറിയതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 23നാണ് കേസെടുത്തത്.
പ്രതികൾ മുഖേന 45,42,386 രൂപയുടെ നഷ്ടം സംഭവിച്ചു എന്നായിരുന്നു പരാതി. പ്രതികളുടെ ബന്ധുക്കളായ മിഥുൻ ബാലൻ, തുളസി, രാജി, പ്രകാശ് എന്നിവർ കേസിലെ മൂന്നുമുതൽ ആറുവരെയുള്ള പ്രതികളാണ്. ഇവർക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഒന്നും രണ്ടും പ്രതികളായ രമ്യയും ഭുവനമോളും ജൂൺ 30ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചുവെങ്കിലും ഹാജരാകാഞ്ഞ വിവരത്തിന് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഇതുപ്രകാരം ഇരുവരെയും അറസ്റ്റ് ചെയ്തു ഹാജരാക്കുന്നതിനു കോടതി നിർദേശം നൽകി.
ഒന്നാംപ്രതി രമ്യ 14ന് റാന്നി കോടതിയിൽ കീഴടങ്ങുകയും കോടതി റിമാൻഡ് ചെയ്ത് തിരുവനന്തപുരം വനിതാജയിലിൽ അയക്കുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
സീതത്തോട്ടിലെത്തിച്ച് തെളിവെടുത്തു. അവിടത്തെ ഒരു ദേശസാൽകൃത ബാങ്കിൽനിന്നു 20 പവൻ സ്വർണ ഉരുപ്പടികൾ പോലീസ് കണ്ടെടുത്തു.
രണ്ടാം പ്രതി ഭുവനമോൾ, വെള്ളിയാഴ്ച സ്റ്റേഷനിൽ ഹാജരായി, ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു തുടർന്ന് കോടതിയിൽ ഹാജരാക്കി.
സ്ഥാപന ഉടമ വിദേശത്തായിരുന്ന കാലയളവിൽ പണയ ഉരുപ്പടികൾ രേഖകളിൽ തിരിമറി നടത്തിയശേഷം, മറ്റു ബാങ്കുകളിൽ പണയംവച്ച് പണമെടുക്കുകയായിരുന്നു.
തൂക്കത്തിലും വിലയിലും തട്ടിപ്പ് നടത്തുകയും ചെയ്തു. ഉടമ തിരിച്ചെത്തിക്കഴിഞ്ഞാണ് തട്ടിപ്പും മോഷണവും കണ്ടെത്തിയത്. തുടർന്ന് കോടതിയിൽ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്.
ഒന്നും രണ്ടും പ്രതികൾ ബന്ധുക്കളായ മറ്റു പ്രതികളുടെ പേരിലാണ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പണം തട്ടിയതെന്നു പറയുന്നു.
രമ്യയുടെ അമ്മ തുളസിയുടെ പേരിൽ പണയം വച്ച സ്വർണ ഉരുപ്പടികളാണ് ഇന്നലെ പോലീസ് കണ്ടെടുത്തത്.
ബാക്കി പണയ ഉരുപ്പടികൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം.