ശൂരനാട്: ബൈക്കിലെത്തി സ്ത്രികളുടെ മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. മാവേലിക്കര ,തെക്കേക്കര വില്ലേജ്, കോടതി ജംഗ്ഷനിൽ കല്ലുവെട്ടാൻകുഴി ഉണ്ണികൃഷ്ണൻ (27), അഞ്ചാലുംമൂട്, പെരിനാട്, മുറന്തൽ, കൊച്ചഴിയത്ത് പണയിൽ വീട്, കാവനാട് ശശി (44) എന്നിവരാണ് അറസ്റ്റിലായത്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കൃഷ്ണ വിലാസത്തിൽ ഷേർളിയുടെ നാലര പവൻ സ്വർണമാലയാണ് പൊട്ടിച്ചത്. ഡിസംബർ 26-ന് വൈകുന്നേരം 4.45 ന് പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.
ബൈക്കിലെത്തിയ പ്രതികൾ ക്ഷേത്രമുറ്റം തൂത്തു കൊണ്ടിരുന്ന ഷെർളിയുടെ അടുത്ത് ചെന്ന് തിരുമേനി വന്നോ എന്ന് ചോദിച്ചു. ഇല്ല കുറച്ച് സമയം കഴിയും എന്ന് മറുപടി പറഞ്ഞ് തിരിഞ്ഞു നടന്ന ഇവരെ പിറകിലുടെ ചെന്ന് തള്ളിയിട്ട ശേഷം പ്രതികൾ മാല പൊട്ടിച്ചു കടക്കുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ മാവേലിക്കരയിൽ നിന്നും പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്നും നാലര പവൻ മാല പോലീസ് കണ്ടെത്തി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഒരു മാസത്തിനിടെ ശശിയും ഉണ്ണികൃഷ്ണനും ചേർന്ന് 14 സ്ത്രീകളുടെ മാലയാണ് പൊട്ടിച്ചത്. ആലപ്പുഴ, വടക്കേക്കര, ചെങ്ങമനാട്, കരിമണ്ണൂർ, കയ്പമംഗലം, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് സ്ത്രികളുടെ മാല പൊട്ടിച്ചത്.
തുടർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് പ്രതികൾ മാവേലിക്കരയിൽ നിന്നും പിടിയിലായത്. മാലകൾ ഹരിപ്പാട്, മാവേലിക്കര, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലെ സ്വർണ്ണക്കടകളിൽ വിൽപന നടത്തി. ഉണ്ണികൃഷ്ണൻ നിരവധി അടിപിടി കേസിലും ഒരു കൊലപാതക കേസിലും പ്രതിയാണ്.
കാവനാട് ശശി നിരവധി കഞ്ചാവ് കേസിലും മാല പൊട്ടിക്കൽ കേസിലും പ്രതിയാണ്. ഈ കേസുകളിൽ നിന്നും ജാമ്യമെടുക്കാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് ഇവർ മാല പൊട്ടിക്കാനിറങ്ങിയത്.