കൂത്തുപറമ്പ്: വിദ്യാർഥിനിയെ ഉപദ്രവിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ യുവാവിനെ പിടികൂടാനായത് പോലീസിന്റെ ഒരാഴ്ച നീണ്ട ഊർജിതമായ അന്വേഷണത്തെ തുടർന്ന്. ശിവപുരം മെട്ടയിലെ വള്ളിൽ വീട്ടിൽ റഹീം (36) ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാസം 25ന് രാവിലെ 7.15 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ട്യൂഷൻ സെന്ററിലേക്ക് പോകവെ എതിരെ വന്ന യുവാവ് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് ഓടിപ്പോവുകയായിരുന്നു. സംഭവത്തെകുറിച്ച് നല്കിയ പരാതിയിൽ നീല ടീ ഷർട്ട് ധരിച്ച ആൾ എന്ന സൂചന മാത്രമേ പ്രതിയെ കുറിച്ച് പോലീസിന് ലഭിച്ചുള്ളൂ. ഈ തെളിവിന്റെ അടിസ്ഥാനത്തിൽ ഉടൻ എസ്ഐ കെ.വി.നിഷിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയായിരുന്നു.
ട്യൂഷൻ സെന്ററിന്റെ സമീപത്തെ കടയിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതിയെന്ന് സംശയിക്കുന്ന നീല ടീ ഷർട്ട് ധരിച്ച യുവാവ് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽക്കയറി ഓടിച്ചു പോകുന്നതായി കണ്ടു. തുടർന്ന് ചക്കരക്കൽ ഭാഗം വരെ ഇയാൾ ബൈക്ക് ഓടിച്ചു പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു.
ഇതിനായി വിവിധ പ്രദേശങ്ങളിലെ നൂറോളം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ബൈക്കിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ശിവപുരത്ത് വെച്ച് ആദ്യം ബൈക്ക് കസ്റ്റഡിയിലെടുത്തു. യുവാവിന്റെ ബന്ധുവിന്റെ കൈവശത്തിലായിരുന്ന ബൈക്ക് റഹീമാണ് ഇപ്പോൾ ഉപയോഗിച്ചു വരുന്നതെന്നും പോലീസന്വേഷണത്തിൽ ബോധ്യമായി.
തുടർന്ന് ചക്കരക്കല്ലിലെ ഹോട്ടലിൽ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന റഹീമിനെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കേസിന്റെ സംഭവ സമയം ഇയാൾ ധരിച്ചിരുന്ന നീല ടീ ഷർട്ടും ഹോട്ടൽ മുറിയിൽ വെച്ച് ഇയാളിൽ നിന്ന് കണ്ടെത്തിയതായും എസ്എ കെ.വി.നിഷിത്ത് പറഞ്ഞു.
എസ്ഐക്കു പുറമേ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ, ഷിജോയ്,സനോജ്, റനീഷ്, നിഖിത്ത് തുടങ്ങിയവരും കേസന്വേഷിച്ച സംഭവത്തിൽ ഉണ്ടായിരുന്നു.പോക്സോ വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്.പ്രതിയെ കൂത്തുപറമ്പ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.