തിരുവനന്തപുരം: ആഡംബരങ്ങളുടെ പുറന്തോടിനുള്ളിൽ മാന്യതയുടെ മുഖംമൂടിയണിഞ്ഞു ജീവിച്ച കൊടും കുറ്റവാളിയാണ് അരുണ്‍ ആനന്ദ്. പ്രതിയോഗികൾക്കു നേരെയുള്ള ക്രൂരകൃത്യങ്ങൾ വിനോദമാക്കിയവൻ. എണ്ണമറ്റ ക്രൂരതകൾ നടത്തിയിട്ടും ആരുമറിയാതെ മാന്യനായി ചമഞ്ഞ് ജീവിച്ച അയാൾ പിടിയിലായത് തൊടുപുഴയിൽ ഏഴു വയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ്.
കഴിഞ്ഞ വർഷം ഫേസ്ബുക്കിൽ മരണപ്പെട്ട കുട്ടിയുടെയും അവന്റെ സഹോദരന്റെയും ചിത്രം പോസ്റ്റു ചെയ്തു കൊണ്ട് അരുണ്‍ എഴുതിയത്, “ക്യൂട്ടസ്റ്റ് ബേബീസ് ഓണ്‍ എർത്ത്’ എന്നാണ്. അവരിലൊരാളെ കൊലപ്പെടുത്തിയ കേസിലാണ് പിന്നീടു പ്രതിയായത്. ആ കുട്ടികൾ അയാൾക്ക് അന്യരായിരുന്നില്ല. മാതൃസഹോദര പുത്രന്റെ കുഞ്ഞുങ്ങളായിരുന്നു അവർ. ആ കുഞ്ഞുങ്ങളോടുള്ള ഇഷ്ടം പറഞ്ഞു പറഞ്ഞാണ് അയാൾ അവരുടെ അമ്മയുമായി അടുത്തതും കൂടെ താമസം തുടങ്ങിയതും.
കുട്ടികളുടെ അച്ഛൻ ബിജുവിന്റെ മരണ ശേഷമാണ് അരുണ്‍ ആ വീട്ടിലെ നിത്യസന്ദർശകനായത്. കുട്ടികളെ കാണാതിരിക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞായിരുന്നു ആ സന്ദർശനങ്ങൾ. അത് പിന്നീട് കുട്ടികളുടെ അമ്മയുമായുള്ള അടുപ്പത്തിലേക്കും വഴിമാറി. ബന്ധുക്കൾ എതിർത്തിട്ടു പോലും പിന്മാറാൻ തയാറാകാത്ത തരത്തിലേക്കു യുവതിയെ അയാൾ മാറ്റിയെടുത്തു. കുട്ടികളുമൊത്ത് അവർ അരുണിനൊപ്പം ജീവിക്കാനും തയാറായി.
ബാങ്ക് ജീവനക്കാരായ മാതാപിതാക്കളുടെ ഇളയ മകനാണ് അരുണ്‍. സഹോദരൻ സൈന്യത്തിൽ ലഫ്റ്റനന്റ് കേണലായിരുന്നു.
ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അരുണിന്റെ പിതാവ്. വളരെ മാന്യമായി ജീവിച്ചിരുന്ന കുടുംബം. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്കൂൾ പഠനം. പ്ലസ്ടു കൊണ്ട് പഠനം നിർത്തിയ ഇയാൾ തലസ്ഥാനത്തെ ലഹരിമാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും ഇഷ്ടതോഴനായി ആഡംബര ജീവിതം ആസ്വദിച്ചു നടന്നു.
ലഹരിക്കും ആഡംബര ജീവിതത്തിനും പണം ആവശ്യമായി വന്നതോടെ അരുണ്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും മറ്റും പണം സന്പാദിച്ചു. കുടുംബസ്വത്തിനു വേണ്ടി തർക്കവും വഴക്കുമുണ്ടായി. ഇതിനിടെ അച്ഛൻ വീടിനു മുകളിൽനിന്നു വീണു മരിച്ചു. അച്ഛന്റെ മരണശേഷം ബാങ്കിൽ ആശ്രിത നിയമനം കിട്ടിയെങ്കിലും ഒരു വർഷം മാത്രമാണ് ആ ജോലിക്കു പോയത്. തിരിച്ചു വന്ന അരുണ്‍ സ്വന്തം അമ്മയെ തോക്കിൻ മുനയിൽ നിർത്തി അവരുടെ പേരിലുള്ള ഫ്ളാറ്റ് സ്വന്തം പേരിലേക്ക് എഴുതി വാങ്ങി.
ഇയാളുടെ ആദ്യ വിവാഹ പാർട്ടിക്കിടെ ഒരാൾ കൊല്ലപ്പെട്ടു. ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അരുണ്‍ പ്രതിയുമായി. എന്നിട്ടും തെളിവുകളുടെ അഭാവത്തിൽ ശിക്ഷ കിട്ടാതെ രക്ഷപ്പെട്ടു. എല്ലാ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നതാണ് കേസുകളിൽ ഇയാൾ പിടിക്കപ്പെടാതെയിരുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
ഭീഷണിപ്പെടുത്തൽ, അടിപിടി, പണം തട്ടൽ എന്നിവയും തൊഴിലാക്കിയ ഇയാൾ ലഹരിയുടെ ബലത്തിൽ എന്തും ചെയ്യാൻ തയാറുള്ളവനായി. ഇയാളുടെ വാഹനത്തിൽ എപ്പോഴും മദ്യവും മയക്കുമരുന്നും വാളിന്റെ പിടിയിട്ട രൂപത്തിലുള്ള ഇരുന്പ് ദണ്ഡുമുണ്ടാകുമായിരുന്നു.
പിതാവിന്റെ മരണം നടക്കുന്ന കാലയളവിലും അരുണിനു ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു. ബംഗളൂരിൽ അരുണിന്റെ അടുത്ത സുഹൃത്തായിരുന്ന പെണ്‍കുട്ടിയുടെ മരണത്തെകുറിച്ചും പോലീസിനു സംശയങ്ങളുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും ഇതേ പറ്റി കൂടുതൽ അന്വേഷണം നടത്താൻ കർണാടക പോലീസുമായി ബന്ധപ്പെടാനാണു കേരള പോലീസ് ആലോചിക്കുന്നത്.
കൊടും ക്രിമിനൽ
തിരുവനന്തപുരം: അരുണ്‍ ആനന്ദ് കൊടും ക്രിമിനലെന്നു പോലീസ്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ അരുണ്‍ ആനന്ദിനെതിരേ ഏഴു കേസുകൾ തിരുവനന്തപുരം സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്.
മ്യൂസിയം, ഫോർട്ട്, വലിയതുറ പോലീസ് സ്റ്റേഷനുകളിലാണ് അരുണിനെതിരേ കേസുകൾ നിലവിലുള്ളത്. മൂർഖൻ അരുണ്‍ എന്നാണ് ഇയാളെ സുഹൃത്തുക്കൾ വിശേഷിപ്പിച്ചിരുന്നത്. സുഹൃത്തായ വിജയരാഘവനെ നന്തൻകോട്ടെ ഫ്ളാറ്റിൽ മദ്യലഹരിയിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ മൂന്നാം പ്രതിയായിരുന്ന അരുണിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു. 2008ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളുമായും ലഹരി മാഫിയാ സംഘങ്ങളുമായും അടുപ്പം പുലർത്തിയിരുന്ന അരുണ്‍ ആനന്ദ് പ്രതിയോഗികളെ ക്രൂരമായി ഉപദ്രവിക്കുന്നതിൽ ഹരം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ പിതാവ് ബിജു അരുണിന്റെ ബന്ധു ആയിരുന്നു. ആകസ്മികമായി ബിജു മരണമടയുകയായിരുന്നു. ഹൃദയാഘാതമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ആരോഗ്യവാനായിരുന്ന യുവാവിന്റെ അകാലമരണത്തിൽ ദുരൂഹതയുണ്ടോയെന്ന സംശയം പലരും ഇപ്പോൾ ഉന്നയിച്ചിട്ടുണ്ട്.