കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ടു വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് ഗൂഢാലോചന ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റീസ് കെ. ബാബുവാണ് ഹര്‍ജി പരിഗണിക്കുന്നത്.
കെ. വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന ആരോപണത്തെക്കുറിച്ച് വാര്‍ത്ത തയാറാക്കാന്‍ കോളജില്‍ പോയ തനിക്കു നല്കിയ അഭിമുഖത്തില്‍ ഫാസിലാണ് ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചെന്നു പറഞ്ഞതെന്നും രാഷ്ട്രീയ ആരോപണമാണെന്നല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അഖിലയുടെ ഹര്‍ജിയില്‍ പറയുന്നു.
മഹാരാജാസ് കോളജിലെ പരീക്ഷാ വിഭാഗമാണ് തെറ്റായ റിസള്‍ട്ട് തയാറാക്കിയത്. ഈ വിഷയത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ നല്കിയ അഭിമുഖത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനു സംഭവിച്ച തെറ്റാണെന്നു വിശദീകരിക്കുകയും ചെയ്തു.
കേസില്‍ തനിക്കു പങ്കില്ലെന്നും ആര്‍ഷോയ്ക്കും പാര്‍ട്ടിക്കും ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടുള്ള മുന്‍ വൈരാഗ്യമാണ് ഇത്തരമൊരു പരാതിക്ക് കാരണമെന്നും അഖിലയുടെ ഹര്‍ജിയില്‍ പറയുന്നു.
മഹാരാജാസ കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്നതായിരുന്നു വാര്‍ത്ത. എം.എ ഇന്റഗ്രേറ്റഡ് ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഈ പരീക്ഷ ജയിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ആര്‍ഷോ നല്കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
കോളജിലെ ആര്‍ക്കിയോളജി വിഭാഗം മുന്‍ കോ-ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ വി.എസ്. ജോയി, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു നേതാവായ സി.എ. ഫാസില്‍ എന്നിവരാണ് മറ്റു പ്രതികള്‍.