കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നും നാലും പ്രതികളായ അലോഷ്യസ് സേവ്യര്‍, സി.എ. ഫാസില്‍ എന്നിവരെ അന്വേഷക സംഘം ഉടന്‍ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു.
കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളമാണ് അഖിലയെ ചോദ്യം ചെയ്തത്.
കെ. വിദ്യയുടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കോളജിലെത്തിയത്.
ഈ വാര്‍ത്ത ലൈവ് ആയി നല്‍കുന്നതിനിടെ കോളജിലുണ്ടായിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ആര്‍ഷോയ്ക്കെതിരേ ആരോപണം ഉന്നയിക്കുകയായിരുന്നു.
ഇത് രാഷ്ട്രീയ ആരോപണമായാണ് വാര്‍ത്ത നല്‍കിയതെന്നും അഖില അന്വേഷണസംഘത്തിന് മൊഴി നല്കി. അഖിലയുടെ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരികയാണ്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ ആര്‍ഷോയുടെ പരാതിയില്‍ എറണാകുളം മഹാരാജ്സ് കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.
അഖില കേസിലെ അഞ്ചാം പ്രതിയാണ്. കോളജിലെ ആര്‍ക്കിയോളജി വിഭാഗം മുന്‍ കോഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ് ജോയ്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, കെഎസ്യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് സി.എ. ഫാസില്‍ എന്നിവരാണ് കേസിലെ ഒന്നുമുതല്‍ നാലുവരെയുള്ള മറ്റ് പ്രതികള്‍, ഒന്നും രണ്ടും പ്രതികളില്‍ നിന്നും അന്വേഷണസംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പോലീസിന് ഒന്നുംകണ്ടെത്താനായിരുന്നില്ല.