നടന് വിജയകുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി വിജയകുമാറിന്റെ മകളും നടിയുമായ അര്‍ഥന ബിനു.
വിജയകുമാര്‍ ജനലിലൂടെ ഭീഷണിപ്പെടുത്തിയ ശേഷം വീടിന്റെ മതില് ചാടിക്കടന്നുപോകുന്ന വീഡിയോയും അര്‍ഥന സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ഇയാള്‍ തന്നെയും അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പോലീസില്‍ കൊടുത്ത കേസ് നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തിലുള്ള അതിക്രമം നടത്തുന്നതെന്ന് അര്‍ഥന പറയുന്നു.
ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയുടെ പ്രവര്‍ത്തകരെയും ചീത്തവിളിച്ച വിജയകുമാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുന്നതിനെതിനെതിരേ പോലീസില്‍ പരാതി പറഞ്ഞിട്ടും ഒരു സഹായവും ലഭിക്കാത്തതുകൊണ്ടാണ് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവയ്ക്കന്നതെന്നും അര്‍ഥന പറയുന്നു.
അര്‍ഥനയുടെ വാക്കുകള്‍…”ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനില്‍ ഏകദേശം 9:45 ന് വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.
എന്റെ പിതാവും മലയാള ചലച്ചിത്ര നടനുമായ വിജയകുമാറാണ് ഈ വീഡിയോയിലുള്ളത്. ഞങ്ങളുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ശേഷം മതില് ചാടിക്കടന്ന് തിരിച്ചുപോകുന്നതാണ് ഈ വീഡിയോയില്‍ കാണുന്നത്.
എന്റെ മാതാപിതാക്കള്‍ നിയമപരമായി വിവാഹമോചനം നേടിയവരാണ്, ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സിനു മുകളിലുള്ള എന്റെ അമ്മൂമ്മയ്ക്കൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്.
വര്‍ഷങ്ങളായി അയാള്‍ ഞങ്ങളുടെ വീട്ടില്‍ അതിക്രമിച്ചു കയറുന്നുണ്ട്. അതിനെതിരെ ഞങ്ങള്‍ നിരവധി പോലീസ് കേസുകള്‍ കൊടുത്തിട്ടുണ്ട്.
ഇന്ന് ഇയാള്‍ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതില്‍ പൂട്ടിയിരുന്നതിനാല്‍ ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി.
എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോള്‍ ഞാന്‍ ഇദ്ദേഹത്തോട് സംസാരിച്ചു.
സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തണമെന്ന് എന്നോടു പറഞ്ഞു അനുസരിച്ചില്ലെങ്കില്‍ എന്നെ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കില്‍ പുള്ളി പറയുന്ന സിനിമകളില്‍ മാത്രം അഭിനയിക്കാമെന്നും പറഞ്ഞു.
ജനലില്‍ മുട്ടി അട്ടഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വില്‍ക്കുകയാണെന്നാണ് അയാള്‍ ആരോപിക്കുന്നത്.
ഇപ്പോള്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ ടീമിനെയും അയാള്‍ വിളിച്ച് ചീത്ത പറഞ്ഞു.
എന്റെ ജോലിസ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും കയറി അഴിഞ്ഞാടുന്നതിനും എതിരെ ഞാനുംഎഎന്റെ അമ്മയും ഇദ്ദേഹത്തിനെതിരെ ഫയല്‍ ചെയ്ത ഒരു കേസ് കോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിനാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം ഞാന്‍ അഭിനയിക്കും.
ഞാന്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ അതില്‍ നിന്ന് തടയാന്‍ അദ്ദേഹം കേസ് കൊടുത്തു. ഞാന്‍ ‘ഷൈലോക്കി’ല്‍ അഭിനയിച്ചപ്പോഴും അദ്ദേഹം ഒരു കേസ് ഫയല്‍ ചെയ്തു, സിനിമ മുടങ്ങാതിരിക്കാന്‍ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയില്‍ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു.
ഇനിയും എഴുതാനുണ്ട്, എന്നാല്‍ ഇവിടെ പോസ്റ്റിടാന്‍ പരിമിതിയുള്ളതുകൊണ്ടു നിര്‍ത്തുകയാണ്. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചുകിട്ടാന്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത കേസും ഇദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നും അര്‍ഥന കുറിച്ചു.