നിത്യജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധി വാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഈ വര്‍ഷത്തെ ലോക സന്ധിവാത ദിനാചരണത്തിൽ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം ‘സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍’ എന്നതാണ്.
എന്താണ് ആര്‍ത്രൈറ്റിസ്?
സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്.
കാരണങ്ങൾ പലത്
നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.
രോഗലക്ഷണങ്ങള്‍
സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.
ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ലക്ഷണങ്ങൾ
ഒസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില്‍ പോലും അലട്ടുന്ന ഒന്നായും പരിണമിച്ചേക്കാം. ഒടുവില്‍ ഇത് രോഗിയുടെ ദൈനംദിന പ്രവര്‍ത്തികളെ തടസപ്പെടുത്തുന്ന അളവില്‍ വഷളാവുകയും ചെയ്യും.
(തുടരും)
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ,എസ്യുറ്റി ഹോസ്പിറ്റൽ,പട്ടം, തിരുവനന്തപുരം