ചെറിയ സുഷിരങ്ങളിലൂടെ നേര്‍ത്ത ക്യാമറ പ്രവേശിപ്പിച്ച് സന്ധികളുടെ ഉള്‍ഭാഗം (joint cavity) സ്ക്രീനില്‍ കണ്ട് ചെയ്യുന്ന ശസ്ത്രക്രിയയാണ് ആര്‍ത്രോസ്കോപ്പി.
ഏതൊക്കെ സര്‍ജറികള്‍ ആര്‍ത്രോസ്കോപ്പിയിലൂടെ സാധ്യമാകുന്നു?
സന്ധികള്‍ക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് അനുയോജ്യമായ രീതിയാണ് ആര്‍ത്രോസ്കോപ്പി. പൊട്ടിയ ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും പരിക്കുപറ്റിയ മറ്റു ഘടനകള്‍ യോജിപ്പിക്കുവാനുമുള്ള മികച്ച മാര്‍ഗമാണ് ആര്‍ത്രോസ്കോപ്പി.
ഇതു കൂടാതെ സന്ധികള്‍ക്കുള്ളില്‍ നിന്നു ബയോപ്സി എടുക്കാനും ചെറിയ ട്യൂമറുകള്‍ നീക്കംചെയ്യാനും ആര്‍ത്രോസ്കോപ്പി പ്രയോജനകരമാണ്. സന്ധിയുടെ അനക്കത്തെ തടസപ്പെടുത്തുന്ന ലൂസ് ബോഡി, സൈനോവിയത്തിന്റെ അമിത വളര്‍ച്ച എന്നിവ നീക്കം ചെയ്യാനും ഈ രീതി ഉപയോഗിക്കാം.
തരുണാസ്ഥിയില്‍ (cartilage) രൂപപ്പെടുന്ന ചെറിയ തേയ്മാനങ്ങള്‍ക്കും പരുക്കുകള്‍ക്കും അര്‍ത്രോസ്കോപ്പി ഉപയോഗിച്ചുള്ള പരിഹാരമാര്‍ഗങ്ങളുണ്ട്. കൂടാതെ സന്ധികളോടു ചേര്‍ന്ന സിസ്റ്റുകള്‍ നീക്കം ചെയ്യുവാനും പഴുപ്പ് കഴുകി കളയാനും ഈ ശസ്ത്രക്രിയാരീതി ഉപയോഗിച്ചുവരുന്നു.
ഏതൊക്കെ സന്ധികളില്‍ ആര്‍ത്രോസ്കോപ്പി പ്രയോജനപ്പെടുത്താം?
കാല്‍മുട്ടിലും തോളിലുമാണ് ആര്‍ത്രോസ്കോപ്പി വിപുലമായി ഉപയോഗിക്കാറുള്ളത്. ഈ രണ്ടു സന്ധികളിലും കാവിറ്റികള്‍ താരതമ്യേന കൂടുതല്‍ വ്യാപ്തിയുള്ളതിനാല്‍ ക്യാമറയും മറ്റു ഉപകരണങ്ങളും കയറ്റാന്‍ എളുപ്പമാണ്. സ്പോര്‍ട്സിലും മറ്റ് അപകടങ്ങളിലും പരുക്കുകള്‍ കൂടുതലായി സംഭവിക്കുന്നതും ഈ രണ്ട് സന്ധികളിലാണ്.
തോളിലെ കീറിയ റോട്ടേറ്റര്‍ കഫ് കൂട്ടി യോജിപ്പിക്കാനും ഇടയ്ക്കിടെ കുഴ തെറ്റുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും കാല്‍മുട്ടില്‍ ACL, PCL മുതലായ ലിഗമെന്റുകള്‍ പുനര്‍നിര്‍മിക്കാനും മെനിസ്കസ് തയ്ക്കുവാനും ആണ് ആര്‍ത്രോസ്കോപ്പി കൂടുതലായി ഉപയോഗിക്കുന്നത്.
ഇടുപ്പ് (Hip), കണങ്കൈ (wrist), കണങ്കാല് (ankle) മുതലായ ചെറുതും വലുതുമായ മറ്റ് പല സന്ധികളിലും ആര്ത്രസ്കോപ്പി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകള്‍ സാധ്യമാണ്.
വിവരങ്ങൾ –
ഡോ. ഉണ്ണിക്കുട്ടൻ ഡി. ഓർത്തോപീഡിക് സർജൻ എസ് യുടി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം