ചേര്ത്തല: അര്ത്തുങ്കല് സെന്റ് ആന്ഡ്രൂസ് ബസിലിക്കയിലേക്കു വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എത്തിയതിന്റെ ചരിത്രമാണ് ബസിലിക്ക അങ്കണത്തിലെ കപ്പല് ഗ്രോട്ടോ അടയാളപ്പെടുത്തുന്നത്.
മിലാനില് 1600 കാലഘട്ടത്തില് വലിയൊരു പകര്ച്ചവ്യാധി പിടിപെട്ട് ഒട്ടേറെപ്പേര് മരിക്കുകയും ഏറെപ്പേര് കഠിന രോഗാവസ്ഥയിലാകുകയും ചെയ്തു.
രോഗാവസ്ഥയിലായവരും മറ്റുള്ളവരും പകര്ച്ചവ്യാധിയെ അകറ്റാന് വിശുദ്ധ സെബസ്ത്യാനോസിനോട് അപേക്ഷിക്കുകയും ലോകം മുഴുവന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപവുമായി പ്രദക്ഷിണം ചെയ്യാമെന്നു നേര്ച്ച നേരുകയും ചെയ്തു.
തത്ഫലമായി രോഗമുക്തി നേടിയെങ്കിലും ആ നേര്ച്ച പിന്നീട് അവര്ക്ക് നിറവേറ്റാനായില്ല. ഏതാനും വര്ഷങ്ങള്ക്കു ശേഷം പകര്ച്ചവ്യാധി വീണ്ടുമെത്തി.
അവര് വീണ്ടും അപേക്ഷിക്കുകയും നേര്ച്ച നേരുകയും രോഗമുക്തി നേടുകയും ചെയ്തു.
നേര്ച്ച നിറവേറ്റാന് തിരുസ്വരൂപവുമായി പത്തേമാരിയില് നാവികര് യാത്ര തുടങ്ങി. പത്തേമാരി കടലില് അര്ത്തുങ്കല് ഭാഗത്തായപ്പോള് കൊടുങ്കാറ്റുണ്ടായി നാവികര് വിഷമിച്ചു.
തിരുസ്വരൂപം അടുത്തുള്ള പള്ളിയില് ഏല്പ്പിക്കാന് നാവികര്ക്കു ദര്ശനമുണ്ടായി.
ഇതേസമയം പള്ളിയിലേക്കു മൂല്യമായത് എന്തോ തരാന് ഒരുസംഘം കടല്മാര്ഗം വരുന്നതായി അന്നത്തെ വികാരിയച്ചനും ദര്ശനം ലഭിച്ചു.
വികാരിയച്ചന് കടലിലേക്കു വള്ളങ്ങള് അയയ്ക്കുകയും തിരുസ്വരൂപം അവര് കൊണ്ടുവന്ന് അര്ത്തുങ്കല് തീരത്ത് എത്തിച്ചു പള്ളിയില് പ്രതിഷ്ഠിക്കുകയും ചെയ്തെന്നാണ് ചരിത്രം.
നാവികര് രക്ഷപ്പെട്ട് യാത്രയും തുടര്ന്നു. ഇതിന്റെ സ്മരണയിലാണ് പള്ളിയങ്കണത്തില് വിശുദ്ധ സെബസ്ത്യാനോസിന്റെ കപ്പല് ഗ്രോട്ടോ സ്ഥാപിച്ചിരിക്കുന്നത്.