ചേര്ത്തല: മലയാളി മനസിലെ ഹൃദ്യസുഗന്ധമാണ് വിശുദ്ധനായ സെബസ്ത്യാനോസേ … എന്ന പ്രാർഥനാഗീതം. ദൈവം വിരൽതൊട്ട് വിട്ട വയലാർ രാമവർമയുടെ മനസിൽ പൂത്തുലഞ്ഞതാണ് ഇതിലെ വരികൾ.
അർത്തുങ്കൽ വെളുത്തച്ചനെക്കുറിച്ച് വയലാർ എഴുതിയ ഈ ഗാനം വിശുദ്ധിയുടെ പരിവേഷവുമായി കാലങ്ങളെ അതിജീവിക്കുന്നു.
1965ൽ ഇറങ്ങിയ പേൾവ്യൂ എന്ന സിനിമയ്ക്കു വേണ്ടിയാണ് ഗാനം എഴുതുന്നത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ആലപിച്ച ഗാനം കേരളം നെഞ്ചിലേറ്റി.
ഈ ഗാനം ആലപിച്ചിട്ട് അമ്പതുവാർഷം തികയുന്ന വേളയിൽ യേശുദാസ് അർത്തുങ്കൽ പള്ളിയിൽ ദർശനം നടത്തുകയും വിശുദ്ധന്റെ തിരുസ്വരൂപത്തിനു മുന്നിൽനിന്ന് ഗാനം ആലപിക്കുകയും ചെയ്തു.
അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളിലെ അധ്യാപകനായിരുന്ന പി.ജെ. ബഞ്ചമിനുമായുള്ള സ്നേഹബന്ധമാണ് വയലാറിനെ അർത്തുങ്കലേക്ക് ആകർഷിച്ചത്.
ബഞ്ചമിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തുമ്പോഴെല്ലാം അർത്തുങ്കൽ പള്ളിയുമായി അടുക്കാൻ സാഹചര്യമുണ്ടായി. വയലാർ ഗാനരചന നിർവഹിച്ച സിനിമകളിൽ അർത്തുങ്കൽ പള്ളിയും അവിടത്തെ വിശേഷങ്ങളും കടന്നുവരാൻ സൗഹൃദം വഴിയൊരുക്കി.
മാനവ ഐക്യത്തിനായി കാലം കാത്തുവച്ച പുണ്യഭൂമിയാണ് അർത്തുങ്കൽ.ദിവ്യചൈതന്യത്തിൽ കാലം മറക്കാത്ത കർമഭൂമിയായി വിശ്വത്തിൽ അർത്തുങ്കൽ ഇന്നും പരിലസിക്കുന്നു.
തിരുനാൾ ദിനങ്ങളിൽ ജനലക്ഷങ്ങളാണ് ദർശനത്തിന് എത്തുന്നത്. ഇതര മതസ്ഥരും ധാരാളമായി എത്തുന്നു. ശബരിമല ദർശനത്തിനു പോകുന്ന അയ്യപ്പന്മാർ വിശുദ്ധ സെബസ്ത്യാനോസിനെ ദർശിച്ച് മാല ഊരുന്ന ചടങ്ങ് മതമൈത്രിയുടെ മണിനാദമാണ്.
അയ്യപ്പൻ മുഹമ്മയിലെ ചീരപ്പൻചിറ കളരിയിൽ കളരി അഭ്യസിക്കാൻ എത്തിയത് അർത്തുങ്കൽ വെളുത്തച്ചൻ മുഖേനയാണെന്നാണ് ഐതീഹ്യം.
വിവിധ മതവിശ്വാസികളെ മാനവ സാഹോദര്യത്തിന്റെ നൂലിൽ കോർത്തിണക്കുന്ന ഈ ഐതീഹ്യം സമഭാവനയുടെ വക്താവായ വയലാർ രാമവർമയെ ആകർഷിച്ചിരുന്നു.
ബഞ്ചമീന്റെ വീട്ടിൽ എപ്പോഴും വന്നു പോയിരുന്ന വയലാർ അർത്തുങ്കൽ പള്ളിയിൽ വിശേഷ അവസരങ്ങളിൽ സംബന്ധിക്കുമായിരുന്നു.
അർത്തുങ്കൽ പള്ളിയുടെ അഭിവൃദ്ധിയിൽ വയലാർ കാണിച്ച താത്പര്യം അർത്തുങ്കലുള്ളവർ കൃതഞ്ജതയോടെയാണ് സ്മരിക്കുന്നത്.
അർത്തുങ്കൽ പള്ളി വികാരിയായിരുന്ന ഫാ. ക്രിസ്റ്റഫർ അർഥശേരിയുടെ നേതൃത്വത്തിൽ വയലാറിന്റെ സ്മൃതി മണ്ഡപത്തിൽ പുഷാപാർച്ചന നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു.