ചേർത്തല: പ്രാർഥനാ നിർഭരമായ മനസുമായി കാത്തിരുന്ന വിശ്വാസികൾക്ക് ദർശനപുണ്യം നൽകി അർത്തുങ്കൽ വെളുത്തച്ചന്റെ തിരുനട തുറന്നു. പുലർച്ചെ അഞ്ചിന് അർത്തുങ്കൽ ബസിലിക്കയിൽ നടന്ന നടതുറക്കൽ ചടങ്ങിനു സാക്ഷികളാകാൻ വിശ്വാസിസമൂഹം ഒഴുകിയെത്തി. പ്രാർഥനാനിർഭരമായ മനസുകളുമായി ഒരു രാത്രി മുഴുവൻ കാത്തിരുന്ന വിശ്വാസികൾക്കു ദർശനപുണ്യമേകി അർത്തുങ്കൽ വെളുത്തച്ചന്റെ അദ്ഭുത തിരുസ്വരൂപം നടതുറന്നപ്പോൾ വിശ്വാസികളുടെ മനസ്സിൽ ഭക്തിയുടെ നിറവു ചാർത്തുകയായിരുന്നു.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ദർശിക്കുവാനും വണങ്ങുവാനുമായി ഇന്നലെ രാത്രി മുതൽ വിശ്വാസികൾ പള്ളിയിലും മുറ്റത്തുമായി ഉറക്കമിളച്ചു കാത്തിരുന്നു. പള്ളിയിൽ പ്രത്യേകം സൂക്ഷിച്ച അറയിൽ നിന്നു വർഷത്തിൽ ഒരിക്കൽ മാത്രമാണ് അദ്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. റെക്ടർ ഫാ. ക്രിസ്റ്റഫർ.എം.അർഥശേരിയിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.
വിദേശീയരുൾപടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളാണ് പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഐസ്ആർടിസി പ്രത്യേക യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുസ്വരൂപ വന്ദനത്തിനുശേഷം നടന്ന സാഘോഷമായ ദിവ്യപൂജ അർപണത്തിന് ഫാ.ജോയി പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.യേശുദാസ് കാട്ടുങ്കൽത്തയ്യിൽ സുവിശേഷപ്രസംഗം നടത്തി. 20 നാണ് പ്രധാന തിരുനാൾദിനം.
20നു രാവിലെ 11നു നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് എറണാകുളം അങ്കമാലി അതിരൂപത ആർച്ച് ബിഷപ് അഡ്മിനിസ്ട്രേറ്റർ മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 3.30നു നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യകാർമികത്വം വഹിക്കും.
തിരുനാൾ ദിനത്തിൽ ജനലക്ഷങ്ങളാണ് അർത്തുങ്കലിലേക്ക് എത്തുക. തുടർന്നു നടക്കുന്ന തിരുനാൾ പ്രദക്ഷിണത്തിലും ലക്ഷങ്ങൾ പങ്കെടുക്കും. കൃതജ്ഞതാദിനത്തോടെ 27ന് പെരുന്നാൾ സമാപിക്കും. പരസ്യവണക്കത്തിനായി പുറത്തെടുത്ത അദ്ഭുത തിരുസ്വരൂപത്തിന്റെ നട രാത്രി 12ന് അടയ്ക്കും.