ചേർത്തല: ജീവൻരക്ഷാമരുന്നിന് ബുദ്ധിമുട്ടിയ മോളിക്ക് അർത്തുങ്കൽ പോലീസ് സഹായവുമായി എത്തി. അർത്തുങ്കൽ കളപ്പുരയ്ക്കൽ മോളിയുടെ ജീവൻരക്ഷാമരുന്നാണ് ലോക്ഡൗണ്‍ സമയത്ത് തീർന്നത്. ചേർത്തലയിൽ ഈ മരുന്ന് കിട്ടാനില്ല.
ആലപ്പുഴയിലോ അല്ലെങ്കിൽ എറണാകുളത്തോ പോകണം. സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതിനാൽ മോളിക്ക് മരുന്ന് വാങ്ങാൻ കൈയിൽ പൈസയും ഉണ്ടായിരുന്നില്ല.
ഇതറിഞ്ഞ അർത്തുങ്കൽ ജനമൈത്രി പോലീസ് മോളിയെ സഹായിക്കാൻ മുന്നിട്ടറങ്ങുകയായിരുന്നു. ആലപ്പുഴ നഗരത്തിൽ പലയിടത്തും തിരക്കിയിട്ടും മരുന്നു കിട്ടിയില്ല.
അവസാനം വണ്ടാനം മെഡിക്കൽ കോളജിന്റെ പരിസരത്തുനിന്നാണ് മരുന്ന് ലഭിച്ചത്. ഒരു മാസത്തേക്കുള്ള മരുന്നുവാങ്ങി മോളിക്ക് കൈമാറുകയായിരുന്നു.