തേനൂറുന്നതെല്ലാം തേനല്ല! പഞ്ചസാര ലായനിയില്‍ ഫെവിക്കോളും വാര്‍ണിഷും ശര്‍ക്കരയും ചേര്‍ത്താല്‍ കൃത്രിമതേന്‍ റെഡി; ആലുവയില്‍ കൃത്രിമതേന്‍ നിര്‍മിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി

സംസ്ഥാനത്ത് കൃത്രിമ തേന്‍ വില്‍പ്പന വ്യാപകമാവുന്നു. പഞ്ചസാരയ്‌ക്കൊപ്പം ഫെവിക്കോളും വാര്‍ണിഷും അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് വ്യാജതേനുണ്ടാക്കുന്ന സംഘം ആലുവയില്‍ പിടിയിലായി. ആലുവ ബൈപ്പാസ് മേല്‍പ്പാലത്തിനടിയില്‍ തമ്പടിച്ച നാടോടികളെയാണ് കൃത്രിമ തേന്‍ നിര്‍മാണത്തിനിടെ നാട്ടുകാര്‍ പിടികൂടിയത്.

ആലുവയിലെ മാര്‍ക്കറ്റില്‍ നിന്ന് ചാക്കു കണക്കിന് പഞ്ചസാര വാങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കള്ളത്തരം കണ്ടെത്തിയത്. തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും കൊഴുപ്പ് ലഭിക്കാന്‍ ഫെവിക്കോളും നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ കൃത്രിമ തേന്‍ റെഡിയാകും. നാടോടി സംഘത്തിലെ സ്ത്രീകളാണ് കൃത്രിമ തേന്‍ ഉണ്ടാക്കുന്നത്.

പുരുഷന്‍മാര്‍ ഇത് തേനാണെന്ന് പറഞ്ഞ് പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തും. തുടര്‍ന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോള്‍ കഞ്ഞിയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ ആദ്യം തടഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ തേനും നിര്‍മാണ വസ്തുക്കളും കണ്ടെത്തുകയായിരുന്നു. തേന്‍ വില്‍പ്പന തടഞ്ഞ പൊലീസ് നാടോടി സംഘത്തോട് ആലുവ വിട്ടു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Related posts