പ്ലേസ്റ്റേഷന്‍ കണ്ട്രോളര് ഉപയോഗിച്ച് നിയന്ത്രിച്ച റോബോട്ടിലൂടെ നടത്തിയ കൃത്രിമ ബീജസങ്കലനം വഴിയുള്ള ആദ്യത്തെ കുട്ടികള്‍ ലോകത്ത് പിറന്നെന്ന് റിപ്പോര്‍ട്ട്.
സ്പാനിഷ് സ്റ്റാര്‍ട്ട്അപ്പ് ആയ ഓവര്‍ച്ച്യൂര്‍ ലൈഫ് വികസിപ്പിച്ച റോബോട്ടാണ് കൃത്രിമ ബീജസങ്കലനത്തിന് ചുക്കാന്‍ പിടിച്ചത്.
കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികളാണ് പിറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീജസങ്കലനത്തിനായി ഉപയോഗപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ വികസിപ്പിച്ചതില്‍ പങ്കാളിയായ പ്രധാന എഞ്ചിനീയര്‍മാരില്‍ ഒരാള്‍ക്ക് ഫെര്‍ട്ടിലിറ്റി മെഡിസിന് മേഖലയില്‍ വളരെ കുറഞ്ഞ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍, സോണി പ്ലേ സ്റ്റേഷന് 5 കണ്ട്രോളര് ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
ബീജം അടങ്ങിയ ഐവിഎഫ് സൂചി റോബോട്ടിനെ ഉപയോഗിച്ച് അണ്ഡത്തില് കുത്തിവെയ്ക്കുകയായിരുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ബീജകോശങ്ങള്‍ പല തവണ അണ്ഡത്തിലേക്ക് നിക്ഷേപിച്ചു.
ആരോഗ്യകരമായ ഭ്രൂണങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള നടപടിക്രമങ്ങളാണ് ഇവിടെ സ്വീകരിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.
രണ്ടു പെണ്‍കുട്ടികളാണ് ഈ പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ പിറന്നിരിക്കുന്നത്. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ബീജസങ്കലനം വഴി ജനിച്ച ആദ്യത്തെ കുട്ടികളാണ് ഇവരെന്നും ഗവേഷകര്‍ അവകാശപ്പെട്ടു.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അല്ലെങ്കില്‍ ഐവിഎഫ് ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ആദ്യത്തെ ചുവടുവെയ്പാണ് തങ്ങളുടെ ഈ കണ്ടുപിടിത്തമെന്നും ഇതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ നിലവിലുള്ള ഐവിഎഫിനേക്കാള് വളരെ ചെലവു കുറഞ്ഞതാണെന്നും ഓവര്‍ച്ച്യൂര്‍ ലൈഫ് പറഞ്ഞു.
ഗവേഷണം നടത്തുന്നതിനായി ഖോസ്ല വെഞ്ചേഴ്സ്, യൂട്യൂബിന്റെ മുന്‍ സിഇഒ സൂസന് വോജിക്കി തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് 37 മില്യണ്‍ ഡോളര്‍ ധനഹസായം കമ്പനിക്ക് ലഭിച്ചിരുന്നു.
ഇപ്പോള്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ലബോറട്ടറികള്‍ സാധാരണയായി കൈകാര്യം ചെയ്യുന്നത് ഈ മേഖലയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള എംബ്രിയോളജിസ്റ്റുകളാണ്.
റോബോട്ടുകളെ ഉപയോഗിച്ചുള്ള ഐവിഎഫ് ചികിത്സ വിപ്ലവകരമായ കണ്ടുപിടിത്തമാണെന്നും എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും 1990കളില്‍ ഇന്‍ട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവെയ്പ്(ഐസിഎസ്ഐ) വികസിപ്പിച്ച ജിയാന്പിറോ പലെര്‍മോ പറഞ്ഞു.
റോബോട്ടിന്റെ സഹായം കൂടാതെ, ബീജകോശങ്ങള്‍ സ്വമേധയാ ലോഡ് ചെയ്യാനുള്ള വഴി ഓവര്ച്യൂറിലെ എഞ്ചിനീയര്‍മാര്‍ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.