കാഞ്ഞിരപ്പള്ളി: വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന് പിഴ അടയ്ക്കാൻ നോട്ടീസ്. കാഞ്ഞിരപ്പള്ളി മുക്കാലി തൈപ്പറമ്പിൽ ടി.എം. സഹീലിനാണ് സൺ ഫിലിം ഒട്ടിച്ചു എന്ന പേരിൽ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
എഐ കാമറയെ സംബന്ധിച്ച് വ്യാപക ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിനും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരിട്ട് ഫോട്ടോ എടുത്ത് അയച്ച നോട്ടീസിലാണ് തെറ്റ് കടന്നുകൂടിയത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹീലിന്റെ മൊബൈൽ ഫോണിൽ മെസേജ് വരുന്നത്. തുടർന്ന് ഇതനുസരിച്ച് പരിവാഹൻ സൈറ്റിൽനിന്ന് ഇ-ചെലാൻ ഡൗൺലോഡ് ചെയ്തു.
സൺ ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നോട്ടീസ്. സഹീലിന്റെ കാർ വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോണാണ്.
എന്നാൽ, നോട്ടീസിനൊപ്പം കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളതാകട്ടെ ചുവന്ന നിറമുള്ള ഹോണ്ട ജാസ് കാറും. മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിലിരുന്ന് എടുത്തിരിക്കുന്ന ഫോട്ടോയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല.
തിരുവനന്തപുരം കൃഷ്ണ നഗർ സ്നേഹപുരിയിൽ വച്ച് വ്യാഴാഴ്ച വൈകുന്നേരം 5.08ന് നിയമം ലംഘിച്ച് വാഹനം കടന്നുപോയതായാണ് നോട്ടീസ്.
മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്ന് സഹീൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിളിച്ച് സഹീൽ പരാതി അറിയിച്ചിട്ടുണ്ട്.