കേരള സംഗീതനാടക അക്കാദമിയുടെ കേരള ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് നിലവിൽ വന്നു. അക്കാദമിക്കു കീഴിൽ പ്രശംസനീയസംഭാവനകൾ നൽകിയ കലാകാരൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണു ഡാറ്റാ ബാങ്ക്.
ഇന്ത്യയിൽ ഇത്തരമൊരു സംരംഭം ആദ്യമാണെന്നു സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസായി ഡാറ്റാ ബാങ്ക് മാറും.
അക്കാദമിയുടെ ഒൗദ്യോഗിക വെബ്സൈറ്റായ www. kerala sangeethanatakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകി കലാകാരന്മാർക്ക് ആർട്ടിസ്റ്റ് ബാങ്കിന്റെ ഭാഗമാകാം. 20 വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് അവസരം. അക്കാദമിയിലെ വിദഗ്ധപാനൽ ഗൂഗിൾ ഫോം പരിശോധിച്ച്, ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്നു തീരുമാനിക്കും.
ഡാറ്റാ ബാങ്കിലേക്കുള്ള കലാകാരന്മാരുടെ വിവരങ്ങൾ ഓഫ് ലൈനായി സ്വീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കലാകാരന്മാർക്കു പേരു ചേർക്കാം.
കലാകാരന്മാർക്കു നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾവഴിയോ ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരന്മാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്കു കാണാൻ കഴിയുമെന്നും സെക്രട്ടറി പറഞ്ഞു.