ഇൻസ്റ്റഗ്രാമിൽ സൗംസ് ആർട്സ് എന്നറിയപ്പെടുന്ന ആർട്ട് പേജ് സ്കെച്ചുകൾ ഉപയോഗിച്ച് സാധാരണക്കാരായ ആളുകളുടെ ഒരു ദിവസം എങ്ങനെ സന്തോഷമുള്ളതാക്കുന്നൂ എന്നത് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.
ഒരു ചോളം വിൽപനക്കാരനും മകനും സംസാരിച്ച് നിൽക്കുമ്പോൾ കലാകാരൻ ഉടൻ തന്നെ തന്റെ നോട്ട്പാഡും പെൻസിലും എടുത്ത് രണ്ട് പേരുടെയും ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങുന്നു.
തുടർന്ന് മനോഹരമായി വരച്ച് തീർത്ത രേഖാചിത്രം ചോള വിൽപ്പനക്കാരനും മകനും കലാകാരൻ സമ്മാനിച്ചു. സൗമിന്റെ കഴിവുകളാൽ വിസ്മയിച്ചിരിക്കുന്ന കുട്ടിയുടെ പ്രതികരണം വിലമതിക്കാനാവാത്തതാണ്. കലാകാരന്റെ ശ്രദ്ധേയമായ കഴിവിൽ കുട്ടിയുടെ പിതാവും പുഞ്ചിരിക്കുന്നു.
ഒരു ചായ വിൽപനക്കാരിയെയും, ഒരു സൈക്കിൾ മെക്കാനിക്കിനെയും ഇതേപോലെ കലാകാരൻ വരയ്ക്കുന്നുണ്ട്. ഇവരുടെ രേഖാചിത്രങ്ങൾ പകർത്തി ജീവൻ നൽകിയ കലാകാരന് അവർ പുഞ്ചരികൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചത്.
ഭാവഭേദമില്ലാതെ തന്റെ ജോലി ചെയ്തുകൊണ്ടിരുന്ന മെക്കാനിക്കും വരച്ച് നൽകിയ ചിത്രം കണ്ട് തൽക്ഷണം പുഞ്ചിരിച്ചു. ഈ രേഖാചിത്രം കണ്ട് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരും ആശ്ചര്യപ്പെടുകയും സൗമിൻ്റെ രേഖാചിത്രത്തെ പ്രശംസിക്കുകയും ചെയ്തു.
സൈക്കിൾ റിപ്പയറും കലാകാരന് ഒരു കൈകൊടുക്കുന്നു. ഒരു കരിമ്പ് വിൽപനക്കാരന്റെയും മീൻ വിൽപനക്കാരന്റെയും പച്ചക്കറി കടയുടമയുടെയും സമാനമായ റിയലിസ്റ്റിക് സ്കെച്ചുകൾ സൗം വരയ്ക്കുന്നുണ്ട്.
“അപരിചിതരെ വരയ്ക്കുന്നു…അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് 2 ലക്ഷത്തിലധികം വ്യൂസും ലഭിച്ചിട്ടുണ്ട്.
എല്ലാവരുടെയും പതിവ് ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കുന്നതിന് കലാകാരനെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രശംസിച്ചു. ‘ഇത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. മുഴുവൻ വീഡിയോയിലൂടെയും ഞാൻ പുഞ്ചിരിച്ചു’. ‘മറ്റുള്ളവരെ ചിരിപ്പിക്കുന്നത് നിങ്ങൾക്ക് തുടരാം, നിങ്ങൾക്കും പുഞ്ചിരിച്ചുകൊണ്ടിരിക്കാം’ എന്നും ആളുകൾ കമന്റിട്ടു.