സ്വന്തം ലേഖകൻ
തൃശൂർ: “സേതുവാണോ, ഞാൻ മോഹൻലാലാണ്’ എന്ന് ഫോണിൽ കേട്ടപ്പോൾ ചിത്രകാരൻ സേതു എയ്യാൽ ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു. “ഒരുപാടുനാളായി സംസാരിച്ചിട്ടും വിളിച്ചിട്ടുമൊക്കെ, സേതു വരച്ച അമ്മയുടെ ചിത്രം കണ്ടു, വളരെ നന്നായിട്ടുണ്ട്’ എന്ന് മോഹൻലാൽ തുടർന്നു. സന്തോഷംകൊണ്ട് മനസുനിറഞ്ഞുനിൽക്കുകയായിരുന്നു സേതു.
അറുപതാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് അദ്ദേഹത്തിന്റെ അമ്മയുടെ ഓയിൽ പെയിന്റിംഗ് ആണ് ചിത്രകാരനും സംവിധായകനുമായ സേതു സമർപ്പിച്ചത്. യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നടി സമചതുരത്തിലുള്ള ചിത്രത്തിന്റെ ഫോട്ടോ എടുത്ത് ഇ-മെയിലിൽ മോഹൻലാലിന് അയയ്ക്കുകയായിരുന്നു.
ചിത്രം കണ്ട ഉടനെ ചെന്നൈയിൽനിന്ന് ലാലിന്റെ വിളിയെത്തി. “എന്തായാലും നാട്ടിൽ വരുന്പോൾ കാണാം, വളരെ സന്തോഷം’ എന്നു സ്നേഹം പങ്കുവച്ച് പറഞ്ഞുനിർത്തി, മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർതാരം.
മൂന്നു ദിവസമെടുത്താണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പെയിന്റിംഗ് സേതു പൂർത്തിയാക്കിയത്. എണ്ണച്ചായം ആയതിനാൽ പൂർണമായി ഉണങ്ങിയിട്ടില്ല. യാത്രാ നിയന്ത്രണങ്ങൾ തീർന്നാൽ ചെന്നൈയിലെത്തി ചിത്രം മോഹൻലാലിനു സമ്മാനിക്കാമെന്നാണ് സേതു കരുതുന്നത്.
നേരത്തേ ലാലിന്റെ പിതാവ് വിശ്വനാഥൻ നായരുടെ ഛായാചിത്രം സേതുവാണ് വരച്ചു നൽകിയത്. സേതുവിന്റെ മറ്റു പെയിന്റിംഗുകളും ലാലിന്റെ സ്വകാര്യ ശേഖരത്തിലുണ്ട്. സേതു എയ്യാൽ സംവിധാനം ചെയ്ത ശ്യാമരാഗം എന്ന സിനിമ റിലീസിംഗ് ഒരുങ്ങിയിരിക്കുകയാണ്.