മാവേലിക്കര: കൈയിലെ പെൻസിൽ കൊണ്ട് മുന്നിലിരിക്കുന്ന ആളുടെ മുഖം ഒരു ഫോട്ടോഗ്രാഫറെ പോലെ ഒപ്പിയെടുത്ത് ഒരു ചിത്രകാരൻ. ഗദ്ദിക വേദിയിലെത്തുന്നവരെ തന്റെ കഴിവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് തൃശൂർ ആറാട്ടുപുഴ സ്വദേശി സുരേഷ്. ലൈവ് പോർട്രയിറ്റ് പരിപാടിയിൽ 15-20 മിനിട്ടിനുള്ളിലാണ് സുരേഷ് ചാർക്കോൾ ചിത്രങ്ങൾ ഒരുക്കുന്നത്. അതിനു ഈടാക്കുന്നതോ വളരെ തുച്ഛമായ നിരക്കും.
മേള ആറാം ദിവസത്തിലേക്ക് കടക്കുന്പോൾ ഇതിനോടകം നിരവധി പേരാണ് തങ്ങളുടെ മുഖം ക്യാൻവാസിലേക്കു പകർത്താനായി സുരേഷിനെത്തേടി എത്തുന്നത്. ഒരു ദിവസം കുറഞ്ഞത് 15 ചിത്രങ്ങൾ വരെ വരയ്ക്കാറുണ്ടെന്നു സുരേഷ് പറയുന്നു.
33 വർഷമായി വിവിധ മേളകളിലെ സ്ഥിരം സാന്നിധ്യമാണ് സുരേഷ്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ചിത്രകല പഠിച്ചത്. എണ്ണച്ചായത്തിലും ജലച്ചായത്തിലും ബാംബു, അക്രിലിക് പെയിന്റിംഗിലുമായി പതിനായിരക്കണക്കിന് സൃഷ്ടികൾ രചിച്ചു. രാജ്യത്തെന്പാടുമുള്ള മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ചിത്രകാരിയായ ഭാര്യ വസുന്ധരയും ഗദ്ദിക വേദിയിൽ ഒപ്പമുണ്ട്.