ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നടൻ അലൻസിയർ പുരസ്ക്കാര ശില്പത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം.
പരാമര്‍ശം പിൻവലിച്ച് അലൻസിയർ മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീല്‍ നോട്ടീസ് അയച്ചു.
‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനെയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം. അത് എന്ന് മേടിക്കാൻ പറ്റുന്നുവോ അന്ന് ഞാൻ അഭിനയം നിര്‍ത്തും.’ എന്നായിരുന്നു അലൻസിയറിന്റെ പരാമർശം.
പുരസ്കാരത്തിനൊപ്പമുള്ള ശില്പം ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ല. പക്ഷേ ഒരു അഭിമുഖത്തിൽ അലൻസിയർ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും, അത് പിതാവിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു.