തെന്നിന്ത്യയിൽ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലൂടെ സഞ്ചരിക്കുകയാണ് നയൻതാര. അടുത്തിടെ വിവാഹിതയായ നടി ഹണി മൂൺ യാത്രയ്ക്കുശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഷാരൂഖ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ജവാനാണ് നയൻസ് നിലവിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം.
നടി ആദ്യമായാണ് ഒരു ബോളിവുഡ് സൂപ്പർ താരത്തോടൊപ്പം അഭിനയിക്കുന്നത്. 19 വർഷത്തോളമായി സിനിമാ മേഖലയിലുള്ള നടി ഇതുവരെയും ഒരു ഹിന്ദി ഭാഷാ ചിത്രത്തിലും അഭിനയിച്ചിട്ടില്ല. പല ഓഫറുകൾ വന്നിട്ടും നടി മുഖം തിരിക്കുകയായിരുന്നെന്നാണ് വിവരം.
2013 ൽ പുറത്തിറങ്ങിയ ചെന്നൈ എക്സ്പ്രസ് എന്ന ഷാരൂഖ് ചിത്രത്തിലേക്ക് നടിക്ക് ഓഫർ വന്നിരുന്നു.
സിനിമയിലെ ഹിറ്റ് ഡാൻസ് നമ്പറായ വൺ ടു ത്രീ എന്ന സോംഗിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു.
ദക്ഷിണേന്ത്യ കഥാപശ്ചാത്തലമായുള്ള സിനിമയിൽ ദക്ഷിണേന്ത്യയിലെ ഒരു പ്രശസ്ത താരം ഈ ഡാൻസ് നമ്പർ ചെയ്യണമെന്നായിരുന്നു നിർമാതാക്കളുടെ നിർബന്ധം.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ ഒരുപോലെ പ്രശസ്തയായതിനാലാണ് നയൻതാരയെ പരിഗണിച്ചിരുന്നത്. പക്ഷെ നയൻതാര ഈ ഓഫർ നിരസിക്കുകയായിരുന്നു.
ഒരു ഐറ്റം ഡാൻസിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനില്ലെന്നാണ് നടി അന്നെടുത്ത തീരുമാനം.
ഒടുവിൽ ഈ ഡാൻസ് നമ്പർ നടിപ്രിയാമണിയിലേക്കെത്തുകയായിരുന്നു. ഹിറ്റാവുമെന്നുറപ്പുള്ള ഗാനത്തിൽ ചുവട് വെച്ചതിന് വൻ പ്രതിഫലം വാങ്ങാമായിരുന്നെങ്കിലും പ്രിയാമണി ഇത് സൗജന്യമായി ചെയ്യുകയായിരുന്നു. താൻ പ്രതിഫലം വാങ്ങാതെയാണ് ഈ ഡാൻസ് നമ്പർ ചെയ്തതെന്ന് പ്രിയാമണി തന്നെയാണ് പിന്നീട് പറഞ്ഞത്. സിനിമ ബോക്സ് ഓഫീസിൽ ചിത്രം വൻ ഹിറ്റാവുകയും ചെയ്തു. പ്രിയാമണിയുടെ ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്നും ബോളിവുഡിൽനിന്ന് നിരവധി ഡാൻസ് നമ്പറുകളിലേക്ക് അവസരം വന്നെങ്കിലും താൻ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് പ്രിയാമണി പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ഷാരൂഖ് ചിത്രത്തിലെ ഐറ്റം ഡാൻസ് നിരസിച്ച നയൻതാര ഇപ്പോൾ ഷാരൂഖ് ചിത്രത്തിലൂടെത്തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. അറ്റ്ലിയാണ് ഷാരൂഖും നയൻസും ഒന്നിച്ചെത്തുന്ന ജവാൻ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷമാണ് നയൻതാരയ്ക്കെന്നാണ് വിവരം. നയൻതാരയ്ക്ക് പകരം നടി സമാന്തയെ ആയിരുന്നു ജവാനിൽ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് വേഷം നയൻതാരയിലെത്തുകയായിരുന്നു. നടി ദീപിക പദുകോൺ ചിത്രത്തിൽ അതിഥി വേഷമായെത്തുന്നെന്നും റിപ്പോർട്ടുണ്ട്.