ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്ക് ! പിന്നീട് കാര്യങ്ങള്‍ പ്രണയത്തിലെത്തിയപ്പോള്‍ വിവാഹവും കഴിച്ചു; എന്നാല്‍ വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടു പോയി; കുറ്റം സമ്മതിച്ച അരുണ്‍ പറയുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍…

ഭാര്യയെ കൊലപ്പെടുത്ത കുറ്റം സമ്മതിച്ചതിനു ശേഷവും കുലുക്കമില്ലാതെ കാരക്കോണം കൊലക്കേസ് പ്രതി അരുണ്‍. തനിക്ക് എത്ര വര്‍ഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ പൊലീസിനോട് ചോദിച്ചത്.

‘സാറെ, എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക..15 ആണോ?’ എന്നാണ് കുറ്റസമ്മതത്തിനു ശേഷം അരുണ്‍ ചോദിച്ചത്. തമാശയ്ക്കായിരുന്നു ശാഖയെ പരിചയപ്പെട്ടതെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും അരുണ്‍ പറയുന്നു.

എന്നാല്‍ വിവാഹശേഷം വീട്ടുകാരുമായി അകന്നതോടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലുമായി. വിവാഹശേഷം കാര്യങ്ങള്‍ കൈവിട്ടു പോയതോടെ ശാഖയെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അരുണ്‍ പറഞ്ഞു.

ശാഖയുമായുള്ള പ്രായവ്യത്യാസം എടുത്തുകാട്ടി അരുണിനെ സുഹൃത്തുക്കള്‍ കളിയാക്കിയിരുന്നു. ഇത് അരുണിനെ അസ്വസ്ഥനാക്കി. കൊല ചെയ്യാന്‍ തീരുമാനിച്ചത് ഇക്കാരണങ്ങള്‍ കൊണ്ടാണെന്ന് അരുണ്‍ സമ്മതിക്കുന്നു.

ശാഖയെ ഇല്ലാതാക്കി സ്വത്ത് മുഴുവന്‍ സ്വന്തമാക്കാനും അരുണ്‍ ആഗ്രഹിച്ചിരുന്നു. ഇതിനിടെ, ശാഖയില്‍നിന്ന് പത്ത് ലക്ഷത്തോളം രൂപയും കാറും അരുണ്‍ സ്വന്തമാക്കിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും ശ്വാസംമുട്ടിച്ച് ബോധംകെടുത്തിയ ശേഷം ശാഖയെ ഷോക്കടിപ്പിച്ചെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ നിഗമനം.

ഡിസംബര്‍ 26 ശനിയാഴ്ച പുലര്‍ച്ചെ വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അരുണാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിട്ട് മണിക്കൂറുകള്‍ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി.

വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ശാഖയ്ക്ക് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണ്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി. അരുണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഒക്ടോബര്‍ 20-നാണ് ശാഖയും അരുണും വിവാഹിതരായത്. നാല് വര്‍ഷത്തോളം നീണ്ട അടുപ്പത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. സ്വത്ത് മോഹിച്ചാണ് ശാഖയെ വിവാഹം കഴിച്ചതെന്ന് അരുണ്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28 വയസ്. ഇരുവരും തമ്മില്‍ 23 വയസ്സിന്റെ വ്യത്യാസമുണ്ട്. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.

അരുണിന്റെ ബന്ധുക്കള്‍ക്ക് ഇരുവരുടെയും വിവാഹത്തെ കുറിച്ച് അറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടു.

വിവാഹ ഫോട്ടോ ശാഖ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതും അരുണിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ശാഖയെ കൊലപ്പെടുത്താന്‍ അരുണ്‍ തീരുമാനിച്ചത്.

Related posts

Leave a Comment