കൊച്ചി: തൊടുപുഴയിൽ ബാലനു ക്രൂരമർദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കുട്ടികളെ ഒഴിവാക്കാൻ ക്രൂരമായി മർദിച്ച അരുണിനെ പിടിച്ചു മാറ്റാനോ തടയാനോ യുവതി ശ്രമിച്ചില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വരുന്നത്. കുട്ടികളെ മർദിക്കുന്പോൾ തടയാൻ ശ്രമിച്ച യുവതിയെ അരുണ്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് മുൻഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന സംശയം പോലീസ് പ്രകടിപ്പിക്കുന്നു. ക്രൂരനായ അരുണ്‍ കുട്ടികളെ മാത്രമല്ല, തന്നെയും ഇല്ലാതാക്കി കളയുമെന്ന ഭയമുണ്ടായിരുന്ന യുവതി ഒരക്ഷരം ആരോടും പറഞ്ഞില്ല. ഭർത്താവിന്റെ മരണത്തിനുമൂന്നു മാസത്തിനുശേഷം ബന്ധുവായ അരുണിന്റെ കൂടെ സ്വന്തം കാറിൽ കടന്നു കളഞ്ഞ യുവതിക്കെതിരേ ഇവരുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
അരുണിന്റെ കൂടെ താമസിക്കാനാണ് താൽപര്യമെന്നു യുവതി അന്നു പോലീസ് സ്റ്റേഷനിൽ പറയുന്പോൾ ഭർത്താവ് മരിച്ചതിന്റെ ചടങ്ങ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഈ മരണത്തിൽ ദുരൂഹതയുണ്ടായിരുന്നെങ്കിലും അന്നു ആരും സംശയം പ്രകടിപ്പിച്ചില്ല. കൂടാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ഇതോടെ അന്വേഷണം അടഞ്ഞുവെന്നു പോലീസും വെളിപ്പെടുത്തുന്നു.
കുട്ടികളെ കൂടെക്കൂട്ടി യുവതി അരുണിന്റെ കൂടെ കൂടിയതും ഭീഷണിയുടെ പുറത്താണ്. ഒരുവർഷമായിട്ടും കുട്ടികൾ അരുണിനെ അച്ഛാ എന്നു വിളിച്ചില്ല. പപ്പാ എന്നു വിളിക്കണമെന്ന നിർദേശമുണ്ടായിരുന്നുവെങ്കിലും എഴുവയസുകാരൻ ചേട്ടാച്ഛാ എന്നാണ് വിളിച്ചിരുന്നത്.
ഇതു കണ്ടും കേട്ടു വളർന്ന ഇളയകുട്ടിയും ചേട്ടാച്ഛാ എന്നു വിളിച്ചു. കുട്ടികളുടെ അമ്മ പരമാവധി ശ്രമിച്ചിട്ടും യാതൊരു മാറ്റവുംകുട്ടികളിൽ ഉണ്ടായില്ല. ഇതോടെ അതിക്രൂരമായ പീഡനമുറകളാണ് കുട്ടികൾ ഏൽക്കേണ്ടി വന്നത്. കുട്ടികൾ കരയുന്പോൾ നോക്കി നിൽക്കാൻ മാത്രമാണ് യുവതിക്ക് കഴിഞ്ഞത്. കൈയിൽ കിട്ടിയ വസ്തു കൊണ്ടാണ് ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിയെ തല്ലിയ തടിക്കഷണം ഒടിഞ്ഞു കിടക്കുന്നതാണ് പോലീസ് കണ്ടെത്തിയത്. കുട്ടികളെ മാത്രമല്ല യുവതിയേയും മർദിച്ചിരുന്നു.
തിരുവനന്തപുരത്ത് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരായ ദന്പതികളുടെ രണ്ടു മക്കളിൽ ഇളയയാളാണ് അരുൺ. മൂത്ത സഹോദരൻ സൈനികഉദ്യോഗസ്ഥനാണ്. ചേട്ടൻ ലെഫ്റ്റന്റ് കേണലാണ്. അരുണ്‍ വിവാഹം കഴിച്ചത് ഫാഷൻ ഡിസൈനറായ യുവതിയെ ആണ്.
ഒരു കുട്ടിയായശേഷം ഈ ബന്ധം വേർപെടുത്തിയിരുന്നു. പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനം കിട്ടി. എന്നാൽ ജോലി ഉപേക്ഷിച്ചു. മദ്യവും മയക്കുമരുന്നുമായിരുന്നു ഇതിനെല്ലാം കാരണം. തലസ്ഥാനത്തെ മിക്ക അധോലോക സംഘങ്ങളുമായി അരുണ്‍ അടുത്തബന്ധം സ്ഥാപിച്ചിരുന്നു.
മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ബിയർകുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയകേസിൽ പ്രതിയായിരുന്നു. ഈ കേസിൽ തിരുവനന്തപുരം സബ്ജയിലിൽ കിടന്നെങ്കിലും പിന്നീട് തെളിവുകളുടെ അഭാവത്തിൽ സെഷൻസ് കോടതി വെറുതെവിട്ടു.
ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടിയതുൾപ്പെടെ മറ്റ് ആറു കേസുകളും അരുണിന്റെ പേരിലുണ്ട്. കഞ്ചാവും മയക്കുമരുന്ന് വിതരണവുമടക്കം പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ട അരുണ്പോലീസിന്റെ സ്ഥിരം കുറ്റവാളിപട്ടികയിലും ഇടംപിടിച്ചിരുന്നു.
കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്പോൾ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് യുവതി പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.
കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. അരുണിന്റെകാർ പരിശോധിച്ചപ്പോൾ അതിൽ നിന്ന് ഒരു കോടാലിയും മദ്യക്കുപ്പിയും കണ്ടെത്തി.