തൊടുപുഴ: ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. കുമാരമംഗലത്ത് ഇവർ താമസിക്കുന്ന വാടക വീട്ടിലാണ് തെളിവെടുപ്പിനായി ഇന്നു രാവിലെ 10.30ന് കൊണ്ടുവന്നത്.
തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ്, സിഐ അഭിലാഷ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്.പ്രതിയെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടവും എത്തിയിരുന്നു. പ്രതിയെ വാഹനത്തിൽനിന്ന് ഇറക്കിയപ്പോൾ ജനം കൂകിവിളിച്ചു.
കുട്ടിയെ മർദിച്ച മുറിയും മർദിച്ച രീതികളും പ്രതി പോലീസിനു കാട്ടിക്കൊടുത്തു. 15 മിനിറ്റ് നീണ്ട തെളിവെടുപ്പിനുശേഷം ഇയാളെ വീടിനു പുറത്തിറക്കിയപ്പോൾ ജനക്കൂട്ടം തടയാൻ ശ്രമിക്കുകയും ഇയാൾക്കുനേരെ അസഭ്യവർഷവും ആക്രോശവും നടത്തുകയും ചെയ്തു.
പോലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയത്. ഉച്ചകഴിഞ്ഞ് ഇയാളെ തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.