ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ കന്പനിയുടെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് സ്ഥിരം പ്രശ്നക്കാരൻ.
മുന്‍പും സമാന രീതിയിൽ ഇയാൾ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.തൊടുപുഴ വണ്ണപ്പുറം സ്വദേശി അരുണ്‍ കുമാർ (24) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
അഞ്ചു മാസം മുന്‍പ് മെഡിക്കൽ കോളജ് കുരിശുപള്ളി ജംഗ്ഷനിലുള്ള ടവറിൽ കയറി ഇയാൾ ഇതേ രീതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇന്നലെ നടന്നത് മൂന്നാമത്തെ സംഭവമാണെന്നും ആളുകൾ പറയുന്നു.
നാളുകൾക്കു മുന്‍പ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ കയറി ഡാൻസ് കളിച്ച സംഭവവുമുണ്ടായിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പുതിയ സംഭവം നടക്കുന്നത്. മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതായി വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസും കോട്ടയം അഗ്നിശമന സേനയുടെ ഒരു യൂണിറ്റും സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
പിന്നീട് ഗാന്ധിനഗർ പോലീസ് ഇയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.