കോലഞ്ചേരി: ക്രൂരമർദനമേറ്റ ഏഴു വയസുകാരന്റെ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമായതെന്നു കോലഞ്ചേരി എംഒഎസ്സി ആശുപത്രി ന്യൂറോ സർജൻ ഡോ. ജി. ശ്രീകുമാർ. രണ്ടാമത്തെ സ്കാനിംഗിൽതന്നെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
മാർച്ച് 28നു പുലർച്ചയോടെയാണു കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സ കഴിഞ്ഞു മണിക്കൂറുകൾ കഴിഞ്ഞാണ് ഇവിടെയെത്തിച്ചത്. തലച്ചോറിനുള്ളിൽ രക്തസ്രാവം വർധിച്ചനിലയിലായിരുന്നു. ഗുരുതരാവസ്ഥ മനസിലാക്കി കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലായിരുന്നെന്നു ഡോക്ടർ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചശേഷം ഒരുതവണ പോലും കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. തലയോട്ടിക്കേറ്റ ഗുരുതര പരിക്ക് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.