കൊച്ചി: വാഗമണ്ണിൽ കൊക്കയിൽ വീണു മരിച്ചനിലയിൽ കണ്ടെത്തിയ ഉദയംപേരൂർ കണ്ടനാട് തെക്കുപുറത്ത് തങ്കപ്പന്റെ മകൻ അരുണ്‍ (24) ന്റെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകൾ മാറുന്നില്ല. വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി കാണാൻ പോയ അരുണിന്റെ മൃതദേഹം പിന്നീട് വാഗമണ്ണിലെ ആത്മഹത്യാ മുന്പിൽ നിന്നു താഴെ വീണ നിലയിൽ കണ്ടെടുക്കുകയായിരുന്നു.
താലപ്പൊലിക്കു പോകുന്പോൾ കുറച്ചുകഴിഞ്ഞു വരാം എന്ന് വീട്ടുകാരോട് പറഞ്ഞാണ് അരുണ്‍ പോയത്. പിന്നെ ആളെ കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണ്ണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. തുടർന്നാണ് യുവാവിനെ കാണാതായെന്ന വിവരം ലഭിച്ചത്. പിന്നീടു നടത്തിയ തെരച്ചിലിലാണു കൊക്കയിൽനിന്നു മൃതദേഹം ലഭിച്ചത്.
അരുണ്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു. കന്പനിയുമായി ബന്ധപ്പെട്ടു ജോലി സംബന്ധിച്ചോ മറ്റു വിഷയങ്ങളോ ഇല്ലെന്നാണ് ഇവർ പറയുന്നത്. അധികം സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല അരുണ്‍. കൂട്ടുകൂടി നടക്കുന്ന സ്വഭാവമില്ലാത്ത അരുണിനു ജിമ്മിൽ പോകുന്നത് മാത്രമാണ് ഏക വിനോദം. ബൈക്ക് ഓടിക്കുന്നതു ഹരമായിരുന്നു. ബൈക്കിൽ പലതവണ അരുണ്‍ വാഗമണിൽ പോയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
അരുണിന്റെ ബൈക്ക് ഇന്നു വാഗമണ്‍ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. അരുണിന്റെ കൈയ്യിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാ കുറിപ്പോ ഒന്നും തന്നെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു.
അരുണിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ 11 ഓടെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ കണ്ടനാട്ടെ വസതിയിൽ എത്തിച്ച മൃതദേഹം ഒരു നോക്കു കാണുന്നതിനും ആദരാഞ്ജലി അർപ്പിക്കുന്നതിനുമായി നൂറുകണക്കിനാളുകൾ എത്തി.