മകന്‍ രാമലീല അപ്‌ലോഡ് ചെയ്തതിനു പോലീസ് അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കരഞ്ഞു നിലവിളിച്ച ഒരു അമ്മയുടെ നിലവിളി മനസ്സില്‍ കിടന്നു വിഷമിപ്പിക്കുന്നു! ദയവു ചെയ്ത് ഞങ്ങളെ ഉപദ്രവിക്കരുത്; രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നു

റിലീസ് ആവുന്നതിന് മുമ്പുതൊട്ടേ വിവാദത്തിന്റെ ചൂടറിഞ്ഞ് മുന്നേറുന്ന സിനിമയാണ് ദിലീപ് നായകനായി അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം രാമലീല. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയയപ്പെട്ട് ജയിലില്‍ കഴിഞ്ഞ വ്യക്തി നായകനായ ചിത്രം എന്നതുതന്നെയാണ് രാമലീലയെ വിവാദത്തിലേയ്ക്ക് തള്ളിവിടാനുണ്ടായ കാരണം. ചിത്രം തിയറ്ററുകളില്‍ വന്‍ വിജയമാവുകയും മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടും ചിത്രത്തെ വെറുതെവിടാന്‍ സാമൂഹിക ദ്രോഹികളായ ചിലര്‍ ഇതുവരെയും തയാറായിട്ടില്ല.

രാമലീലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ പതിപ്പ് പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതുമൂലം നിര്‍മാതാവിന് സംഭവിക്കുന്നത് കോടികളുടെ നഷ്ടമാണ്. ഏതുരീതിയിലും ഈ ചിതത്തെ തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി പറയുന്നത്.

അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്…

ഏതൊക്കെ തരത്തിലാ നമ്മളെ ദ്രോഹിക്കുന്നത് , ഇന്റര്‍നെറ്റില്‍ രാമലീലയുടെ വ്യാജന്‍ അപ്ലോഡ് ചെയ്തു തകര്‍ക്കുകയാണ് പലരും…. നമ്മുടെ പൈറസി ടീം റിമുവ് ചെയ്തു തളര്‍ന്നു. മലയാള സിനിമ ചരിത്രത്തില്‍ ഇത്രയേറെ വ്യാജന്‍ അപ്ലോഡ് ചെയ്യപ്പെട്ട സിനിമ വേറെ ഉണ്ടാകില്ല! കാരണം നമ്മുക്ക് മനസിലാക്കാം.! കഴിയുമെങ്കില്‍ ഈ ക്രൂരത ഒന്ന് അവസാനിപ്പിക്കുക, സ്വന്തം മകന്‍ രാമലീല അപ്ലോഡ് ചെയ്തതിനു പോലീസ് അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കരഞ്ഞു നിലവിളിച്ച ഒരു അമ്മയുടെ നിലവിളി മനസ്സില്‍ കിടന്നു വിഷമിപ്പിക്കുന്നു…. ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കാതിരിക്കുക അപേക്ഷയാണ്..

 

Related posts