മലയാളത്തിലെ പ്രമുഖ യുവസംവിധായകരാണ് രഞ്ജിത്ത് ശങ്കറും അരുണ്‍ഗോപിയും. ഇരുവരും നടത്തിയ ഫേസ്ബുക്ക് ചാറ്റാണ് ഇപ്പോള്‍ സംസാരവിഷയം. തന്റെ സിനിമയില്‍ അസിസ്റ്റന്റ് ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് രഞ്ജിത്ത് ശങ്കര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് എല്ലാത്തിനും തുടക്കമിടുന്നത്. ‘നിങ്ങളില്‍ എന്റെ സംവിധാന സഹായി ആകാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ ചെയ്ത ഒരു ഹ്രസ്വ ചിത്രത്തിന്റെ ലിങ്ക് എനിക്ക് സന്ദേശമായി അയക്കുക’ എന്ന് കുറിച്ചു
സംവിധായകന്‍ അരുണ്‍ ഗോപി രഞ്ജിത്തിന്റെ പോസ്റ്റിന് താഴെ തന്റെ ചിത്രമായ രാമലീലയുടെ പാട്ടിന്റെ ലിങ്ക് പോസ്റ്റ് ചെയ്ത് തന്നെ അസിസ്റ്റന്റ് ആക്കാമോ എന്ന് ചോദിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ പ്രതികരണമാണ് രസകരം. ‘നീ വേണ്ട നീ ഉഴപ്പന്‍ ആണ്’ എന്ന് രഞ്ജിത്ത് മറുപടി നല്‍കിയപ്പോള്‍ അങ്ങനെ പറയരുത് ഉഴപ്പന്‍മാര്‍ക്കും ജീവിക്കേണ്ടേ എന്ന് ചോദിച്ചിരിക്കുകയാണ് അരുണ്‍. സംവിധായകന്‍മാര്‍ക്കിടയില്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായരുടെ ഒരു കമന്റുമുണ്ട്. ‘അരുണേട്ടാ സന്തോഷായില്ലേ’ എന്ന് കളക്ടര്‍ ബ്രോ അരുണ്‍ ഗോപിയോട് ചോദിച്ചിരിക്കുകയാണ്.
എന്തായാലും രഞ്ജിത്തിന്റെ പോസ്റ്റ് വെറുതേയായില്ല. പോസ്റ്റിനു താഴെ സംവിധാന സഹായിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒട്ടനവധിയാളുകള്‍ കമന്റുകളിട്ടിട്ടുണ്ട്. ഷോര്‍ട്ട് ഫിലിം എടുക്കാത്തവരെയും പരിഗണിക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ജയസൂര്യയെ നായകനാക്കി ഞാന്‍ മേരിക്കുട്ടി എന്ന ചിത്രമാണ് രഞ്ജിത്തിപ്പോള്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൂപ്പര്‍ ഹിറ്റായ രാമലീലയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് അരുണ്‍ഗോപി. ടോമിച്ചന്‍ മുളക്പാടമാണ് ചിത്രം നിര്‍മിക്കുന്നത്. എന്തായാലും ഇവരുടെ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.