നവംബര്‍ എട്ട്. ഇന്ത്യയെന്ന മഹാരാജ്യം നോട്ടുനിരോധനമെന്ന തിരിച്ചടിയുടെ വാര്‍ഷികം ആഘോഷിക്കുന്നു. പ്രതിപക്ഷത്തോട് ചേര്‍ന്ന് നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചറിഞ്ഞവര്‍ രാജ്യത്ത് ഇന്ന് കരിദിനം ആചരിക്കാനിരിക്കെ, സ്വയം ന്യായീകരണവുമായി പ്രധാനമന്ത്രിയും ധനമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത് തമാശയായാണ് ഭൂരിഭാഗം ജനങ്ങള്‍ക്കും അനുഭവപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സമ്പദ്വ്യവസ്ഥ സുതാര്യമായി, കൂടുതല്‍ സത്യസന്ധമായി, രാജ്യം കാഷ്ലസ് എക്കണോമിയിലേക്കു നീങ്ങുന്നു…നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തലേന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ഇങ്ങനെ ട്വീറ്റുകളുടെ ബഹളം തന്നെയായിരുന്നു.
ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വിലയിരുത്തിയുള്ള ഫേസ്ബുക് കുറിപ്പും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. അതില്‍ കള്ളപ്പണം, കള്ളനോട്ട് എന്നിവ പിടിച്ചെടുത്തതിന്റെ കണക്കുകളും ഏറെയാണ്. അതിനിടെയാണ്, ഏറെ നാളായി ബിജെപി ആവര്‍ത്തിക്കുന്ന ഒരു കാര്യം വീണ്ടും ജയ്റ്റ്ലി നേട്ടമായി മുന്നോട്ടു വച്ചത്. നോട്ടുനിരോധനത്തിന്റെ സ്വാധീനം കാരണം ജമ്മു കാഷ്മീരില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്കു നേരെയുള്ള കല്ലേറ് വന്‍തോതില്‍ കുറഞ്ഞുവെന്നായിരുന്നു ജയ്റ്റ്ലിയുടെ ഒരു ട്വീറ്റ്. എന്നാല്‍ അതിനു മാത്രം ധനമന്ത്രി കണക്കുകള്‍ മുന്നോട്ടുവച്ചിട്ടുമില്ല.
വ്യക്തമായ കണക്കുകള്‍ വിശദമാക്കാത്ത നിലയ്ക്ക് അവ വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് പൊതുവേ ആളുകള്‍ പറയുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും നേരത്തേ കാഷ്മീരിലെ കല്ലേറു കുറഞ്ഞതിനു പിന്നില്‍ നോട്ടുനിരോധനത്തിന്റെ സ്വാധീനമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതിന് ബലം നല്കുന്ന കണക്കുകള്‍ കാണിക്കാന്‍ ആര്‍ക്കുമൊട്ട് സാധിച്ചതുമില്ല. നോട്ടുനിരോധനത്തിനുശേഷം 2017 ഏപ്രിലിലാണ് ജനക്കൂട്ടത്തിന്റെ കല്ലേറു പ്രതിരോധിക്കാന്‍ ഫാറൂഖ് അഹമ്മദ് ധര് എന്ന യുവാവിനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിവച്ചു മുന്നോട്ടു പോയത്. കാഷ്മീരിലെ കല്ലേറിലേക്ക് രാജ്യാന്തര ശ്രദ്ധ തിരിയാനും ഇതു കാരണമായി.
സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെയുള്ള വെടിവയ്പില്‍ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടത് 2017 മാര്‍ച്ചിലായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലും യുവാക്കളും സൈനികരും തെരുവില്‍ ഏറ്റുമുട്ടി, കല്ലേറുണ്ടായി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടി നല്‍കുന്നുണ്ട്. നോട്ടുനിരോധനത്തിന്റെ ആദ്യനാളുകളില്‍ താഴ്വരയില് കല്ലേറു സംഭവങ്ങള്‍ കുറഞ്ഞെങ്കിലും പിന്നീടങ്ങോട്ട് എല്ലാം പഴയപടിയാവുകയായിരുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകളിലും വിശദമാക്കുന്നുണ്ട്. ഭീകരര്‍ക്കു പണം ലഭിക്കാതിരിക്കാന്‍ നോട്ടുനിരോധനം കാരണമായിട്ടില്ലെന്ന് പോലീസും പറയുന്നു. ഇതൊക്കെ മറച്ചുവച്ചാണ് പൊതുജനത്തെ മണ്ടന്മാരാക്കുന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെയും രാജ്യത്തെ ധനമന്ത്രിയുടെയും ഈ പ്രതികരണമെന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.