ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങിനിടെ വ്യാപകമായി മൊബൈൽ ഫോണ്‍ മോഷണം പോയതായി പരാതി. കേന്ദ്ര മന്ത്രിയുടെയും സംസ്ഥാന മന്ത്രിയുടെയും അടക്കം 11 പേർക്ക് തങ്ങളുടെ മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. നിഗംബോധ്ഘട്ടിൽ നടന്ന സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.
കേന്ദ്ര മന്ത്രി സോം പ്രകാശ്, മന്ത്രി ബാബുൽ സുപ്രിയോ, സുപ്രിയോയുടെ സെക്രട്ടറി എന്നിവരുടെ ഫോണുകൾ നഷ്ടപ്പെട്ടു. പതഞ്ജലി വക്താവിന്റെ ഫോണും മോഷ്ടിച്ചിട്ടുണ്ട്. ജെയ്റ്റ്ലിക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെയുണ്ടായ തിരക്കിനിടെയാണ് മോഷണം അരങ്ങേറിയത്.
“നമ്മൾ എല്ലാവരും അരുണ്‍ ജെയ്റ്റ്ലിക്ക് അന്തിമോപചാരം അർപ്പിക്കുകയായിരുന്നു, എന്നാൽ ഈ ഫോട്ടോയെടുത്ത ഫോണ്‍ ആ ചടങ്ങിനിടെ എന്നോട് അവസാന ഗുഡ് ബൈ പറഞ്ഞു’ എന്നായിരുന്നു പതഞ്ജലി വക്താവ് എസ്.കെ തിജ്രാവാലയുടെ പ്രതികരണം. ട്വിറ്ററിലായിരുന്നു പതഞ്ജലി വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി പോലീസ് എന്നിവരെയും അദ്ദേഹം പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
ബാബുൽ സുപ്രിയോ തിജാരവാലയെ അനുകൂലിച്ച് മറുപടിയുമായെത്തി. ’മോഷണമല്ല ദാദാ, പോക്കറ്റടിയാണ് നടന്നത്, ആറോളം പേർക്ക് ഒരേ സമയമാണ് ഫോണ്‍ നഷ്ടമായത്, അയാളുടെ കൈയിൽ കടന്നു പിടിച്ചെങ്കിലും നിലവിട്ട് വീണതിനാൽ അവൻ രക്ഷപ്പെട്ടു. ഫോണ്‍ പോക്കറ്റടിച്ചതായി 35 പേർ എന്നോട് പരാതി പറഞ്ഞു.’
ഇക്കാര്യത്തിൽ പോലീസിനെ കുറ്റപ്പെടുത്താനാകില്ല. ഹാളിൽ കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കേണ്ടിയിരുന്നു. എന്തായാലും ഒരുകലാകാരനെന്ന നിലയിൽ പോക്കറ്റടിക്കാരനെ ഞാൻ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു. സ്ഥലത്ത് സിസിടിവി കാമറകൾ കുറവായതാണ് പോക്കറ്റടിക്കാർക്ക് സഹായകമായതെന്നാണ് റിപ്പോർട്ട്.