തിരുവനന്തപുരം (വെള്ളറട): നിലമാമൂട് ത്രേസ്യാപൂരത്ത് ശാഖാനിവാസിൽ ശാഖാകുമാരി (52) ഷോക്കേറ്റു മരിച്ചത് കൊലപാതകമെന്നു പോലീസ്. മുപ്പതുകാരനായ ഭർത്താവ് അരുണിനെ പോലീസ് കസറ്റഡിയിലെടുത്തു. ഇവർ തമ്മിലുള്ള വിവാഹം രണ്ടു മാസം മുന്‍പായിരുന്നു.
ഇന്നലെ രാവിലെ ഷോക്കേറ്റ് അബോധാവസ്ഥയിലായെന്നു പറഞ്ഞ് ശാഖാകുമാരിയെ കാരക്കോണത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അരുണിനൊപ്പം സമീപവാസികൾ വീട്ടിനുള്ളിൽ എത്തിയപ്പോൾ നിലത്തു കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലാണ് ശാഖാകുമാരിയെ കണ്ടത്. തുടർന്ന് സമീപവാസികളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കുന്നതിനും മണിക്കൂറുകൾക്കു മുൻപേ മരണം സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തുകയും അസ്വാഭാവിക മരണമായി റിപ്പോർട്ടു ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് വിടും പരിസരവും നിരീക്ഷിച്ച നാട്ടുകാരും പോലീസിനോട് സംശയം പറഞ്ഞു.
ക്രിസ്മസ് അലങ്കാരത്തിന്റെ ഭാഗമായി വീടിന്റെ അകത്തും പുറത്തും സീരിയൽ ബൾബുകളിട്ടിരുന്നു. ഇതിന് ഉപയോഗിച്ച വയറിൽ നിന്ന് ഷോക്കേറ്റെന്ന അരുണിന്റെ വാക്കുക്കൾ പോലീസും മുഖവിലയ്ക്കെടുത്തില്ല. വീടിനുള്ളിലേക്കു വയർ വലിച്ചിട്ടിരുന്നു.
എന്നാൽ ഈ വയർ യാതൊരു സർക്യൂട്ടുമായും ബന്ധപ്പെടുത്തിയിരുന്നില്ല. ചോദ്യം ചെയ്യലിൽ പോലീസിനോട് അരുണ്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇവർ തമ്മിൽ വഴക്കിടാറുണ്ടെന്നു പുറംജോലിക്കു വന്നു പോകുന്ന സ്ത്രീ പറഞ്ഞു.
വീട്ടിൽ കലഹം പതിവാണെന്നു സമീപവാസികളും പറയുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഇയാൾ ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു.
ദീർഘകാലമായി കിടപ്പിലായ മാതാവ് ഫിലോമിനയുമൊത്ത് നിലമാംമൂട് ത്രേസ്യാപുരത്തെ വീട്ടിൽ അവിവാഹിതയായി താമസിച്ചു വരവെ തന്നേക്കാൾ ഏറെ പ്രായം കുറവുള്ള നെയ്യാറ്റിൻകര ആറാലുംമൂട് അരുണ്‍ ഭവനിൽ അരുണിനെ ശാഖാകുമാരി വിവാഹം ചെയ്യുകയായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.
വിവാഹത്തിൽ വിയോജിപ്പുണ്ടായിരുന്ന ബന്ധുക്കളെ ശാഖാകുമാരി അകറ്റി നിറുത്തി. ബ്യൂട്ടീഷ്യനായി പ്രവർത്തിച്ചു വരികയായിരുന്നു. വരൻ ധരിച്ച വസ്ത്രം ഉൾപ്പെടെ വിവാഹത്തിന്റെ പൂർണചെലവും വഹിച്ചത് ശാഖാകുമാരി ആയിരുന്നു.
കൂടാതെ വരന് കാറും വാങ്ങി നൽകി. ശാഖാകുമാരിയുടെ സ്വർണാഭരണങ്ങളും വിവാഹനാളിൽ ധരിച്ചിരുന്ന അഞ്ചു ലക്ഷത്തിലേറെ വിലയുള്ള ഡയമണ്ട് നെക്ലസും കാണാനില്ലന്ന് സംഭവമറിഞ്ഞെത്തിയ അടുത്ത ബന്ധുക്കൾ പറയുന്നു.
പത്തേക്കറോളം പുരയിടം ഉൾപ്പെടെയുള്ള ശാഖാകുമാരിയുടെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടി പ്രണയം നടിച്ചെത്തിയതാണ് അരുണെന്നാണ് ബസുക്കളും നാട്ടുകാരും പറയുന്നത്.
നെയ്യാറ്റിൻകര ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, എസ്ഐ ബൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
വിദഗ്ധ സംഘം എത്തി ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ചു. ആർഡിഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.