തൊടുപുഴ: ഏഴു വയസുകാരനെ മൃഗീയമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദി(36) നെതിരെ കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമക്കേസും ചുമത്തി.
മൂത്തകുട്ടിയെ മർദിച്ചതിനു പുറമെ ഇളയകുട്ടിയെ ഇയാൾ ലൈംഗികാതിക്രമത്തിനും വിധേയമാക്കിയിട്ടുള്ളതായി ഡോക്ടർമാർ നൽകിയ മൊഴിയെത്തുടർന്നാണ് വധശ്രമത്തിനു പുറമേ പോക്സോ വകുപ്പനുസരിച്ചുള്ള കുറ്റവും ചുമത്തിയത്.
തെളിവെടുപ്പിനു ശേഷം മുട്ടം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മുട്ടം സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂത്തകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയിട്ടുണ്ടോയെന്നു കൂടുതൽ പരിശോധനകൾക്കു ശേഷമെ വ്യക്തമാകൂ.
ഇളയ കുട്ടിയുടെ ശരീരത്തിലേറ്റ പരിക്കുകൾക്കു പുറമെ ജനനേന്ദ്രിയത്തിലേറ്റ മുറിവുകൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയമാക്കിയതെന്ന കാര്യം വ്യക്തമായതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. ഇത്തരം സ്വഭാവ വൈകൃതത്തിനടിമയാണ് പ്രതി. പ്രതി ബ്രൗണ്‍ഷുഗർ ഉൾപ്പെടെയുള്ള ലഹരിപദാർഥങ്ങൾ പതിവായി ഉപയോഗിച്ചിരുന്നയാളാണെന്നും പോലീസ് പറഞ്ഞു.
കുറ്റസമ്മത മൊഴിക്കു പുറമെ സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണു പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. ഇളയ കുട്ടിയെ മർദിച്ചതിന്റെ പേരിൽ വേറെ കേസും ഇതിനൊപ്പം ഉൾപ്പെടുത്തും.
കുട്ടിയുടെ മാതാവിനു മർദനത്തിൽ പങ്കുണ്ടോയെന്നതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അരുണിനെ ഭയന്നാണ് ഇവർ നേരത്തെ വിവരങ്ങൾ പുറത്തു പറയാതിരുന്നതെന്നും പോലീസ് പറഞ്ഞു.
കുട്ടികളുടെ പിതാവ് മരിച്ചതിനെക്കുറിച്ച് അന്വേഷിക്കും
തൊടുപുഴ: മർദനമേറ്റ കുട്ടികളുടെ പിതാവ് എട്ടു മാസങ്ങൾക്കു മുമ്പു മരിച്ചതിനെ സംബന്ധിച്ച് ആവശ്യമെങ്കിൽ അന്വേഷണം നടത്തുമെന്നു പോലീസ്. കാര്യമായ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാതിരുന്ന യുവാവ് തിരുവനന്തപുരത്തുവച്ചു ഹൃദയാഘാതത്തെത്തുടർന്നു മരിച്ചെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണം നടന്നു രണ്ടു മാസം തികയുംമുന്പേ കുട്ടികളുടെ അമ്മയോടൊപ്പം പ്രതി അരുൺ ജീവിക്കാനാരംഭിച്ചിരുന്നെന്നും ഇതു സംശയകരമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കുട്ടികളുടെ പേരിൽ പിതാവ് ബാങ്കിൽ നിക്ഷേപിച്ചിരുന്ന മൂന്നു ലക്ഷം രൂപ ഭാര്യാ ഭർത്താക്കന്മാരെന്നു വ്യാജേന അരുണും യുവതിയും ചേർന്നു പിൻവലിച്ചതായും പറയുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഭർത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ആലോചിക്കുന്നത്.
കൂടാതെ, ക്രൂരമർദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഉപയോഗിച്ച വാഹനത്തിൽനിന്നു മഴുവും പ്രഷർ കുക്കറുകളും കണ്ടെത്തിയതിനെ സംബന്ധിച്ചും കൂടുതൽ അന്വേഷണം നടത്തും. തിരുവനന്തപുരത്തു ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്കു ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആവശ്യങ്ങൾക്കാണോ മഴു കരുതിയിരുന്നതെന്നതെന്നു കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമെ വ്യക്തമാകൂ.