മുംബൈ സ്വദേശി അരുണ്‍ പൗരാനയ്ക്ക് വീട് എന്ന വാക്കുപോലും അന്യഗ്രഹത്തിനു സമാനമാണ്. സ്വര്‍ണമെഡല്‍ നേടിയ കെമിക്കല്‍ എഞ്ചിനീയറായിരുന്നു ഒരു കാലത്ത് ഈ എഴുപതുകാരന്. എന്നാല്‍ ഇന്ന് ജീവിക്കുന്നതാകട്ടെ ആര്‍ക്കും വേണ്ടാതെ ബൊറിവ്ലിയിലെ ഒരു തെരുവിലും. സ്വന്തം വീട്ടുകാര്‍ക്കു വേണ്ടെങ്കില്‍ പിന്നെ എവിടെപ്പോകാന്‍. വീട്ടുകാരുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ഇദ്ദേഹം വീടുവിട്ടിറങ്ങിയത്. പൗരാനയുടെ ദുരിതജീവിതം കണ്ട കണ്ടീവ്ലി സമതാ നഗറില്‍ ഇദ്ദേഹത്തിന്റെ അഭ്യുദയ കാക്ഷികളിലൊരാള് എടുത്തു നല്കിയ ഒരുമുറിയും അടുക്കളയുമുള്ള ഫഌറ്റിലാണ് ഇപ്പോള്‍ താമസം.ഇദ്ദേഹത്തിന്റെ മാനസിക, ശാരീരിക നിലകള്‍ അത്ര മെച്ചവുമല്ല.
ഒരു കാലത്ത് ഒരു ബഹുരാഷ്ട്ര കമ്പനിയുടെ സിഈഒയായി ജോലി ചെയ്ത ആളായിരുന്നു പൗരാന. ഇന്ത്യയിലെ പ്രകൃതിവാതക സ്റ്റേഷനുകളുടെ തുടക്കക്കാരനായ ഇദ്ദേഹത്തിന്റെ ദുരിതാവസ്ഥയേക്കുറിച്ചുള്ള വാര്‍ത്ത ഒരു പ്രമുഖ മാധ്യമത്തില്‍ വന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിനു താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് ധാരാളം ആളുകള്‍ മുമ്പോട്ടു വന്നിരുന്നു. ഇദ്ദേഹം മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിലെ ഒരു ജോലിക്കാരനാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ ഫഌറ്റെടുത്തു നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ദുരിതത്തെക്കുറിച്ച് കേട്ടറിഞ്ഞ കമ്പനിയുടെ സിഇഒയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അത്. സിഇഒയുടെ ഉടമസ്ഥതയിലുള്ളതാണ് ഫഌറ്റ്. പൗരാനയെ തെരുവില്‍ നിന്നു കണ്ടെത്തിയ ഇവര്‍ ആദ്യം ചെയ്തത് ഇദ്ദേഹത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവുകയാണ് ചെയ്തത്. 1970കളില്‍ പുരാനയുടെ കീഴില്‍ കെമിസ്റ്റായി ജോലി ചെയ്ത ചന്ദ്രകാന്ത് മിറാന അദ്ദേഹത്തെ കഴിഞ്ഞകാലത്തിന്റെ ദുഖിപ്പിക്കുന്ന ഓര്‍മകളില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് മനുഷ്യത്വം ലോകത്തില്‍ നിന്നു കൈമോശം വന്നിട്ടില്ലെന്നാണ് മനസിലാവുന്നതെന്നും മിറാനി പറയുന്നു.
കണ്ടീവ്ലിയിലെ ഫഌറ്റിലെ താമസം താല്‍ക്കാലികമാണെന്നും ഉടന്‍ തന്നെ പൗരാനയെ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളയിടത്തേക്ക് മാറ്റുമെന്നും ഫഌറ്റെടുത്ത നല്‍കിയയാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സഹായകരമായ സ്ഥലത്തേക്കാണ് മാറ്റുന്നതെന്നും അദ്ദേഹത്തിനു വീടു പോലെ തോന്നുന്നതായിരിക്കും ആ സ്ഥലമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. നല്ലമനുഷ്യരുടെ കാരുണ്യത്തില്‍ പൗരാനയ്ക്ക് ഇത് പുനര്ജന്മമാണെന്നു പറയാം.