കോട്ടയം: തിങ്കളാഴ്ച മണർകാട്ടും ഗാന്ധിനഗറിലും വൈദ്യുതി പോസ്റ്റിലും ടവറിലും കയറി ആത്മഹത്യാ ഭീഷണി മുഴക്കി നാട്ടുകാരെ മുൾമുനയിൽ നിർത്തിയ തൊടുപുഴ സ്വദേശി അരുണ് പ്രകാശ് (23) ഇന്നലെ കാഞ്ഞിരപ്പള്ളിയിലും എത്തി വൈദ്യുതി പോസ്റ്റിൽ കയറി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാഞ്ഞിരപ്പള്ളിക്കടുത്ത് മരോട്ടിചുവട് ഭാഗത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിൽ കയറിയാണ് ഭീഷണി മുഴക്കിയത്.
നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ അനാഥനായതിനാൽ ആശുപത്രി അധികൃതർ ഇയാളെ സ്വീകരിച്ചിട്ടില്ല. വീണ്ടും പുറത്തിറങ്ങി അടുത്ത വൈദ്യുതി പോസ്റ്റ് നോക്കി നടക്കുകയാണ് ഇയാൾ. തിങ്കളാഴ്ചയും ഇതു തന്നെയാണ് സംഭവിച്ചത്. മണർകാട്ട് വൈദ്യുതി പോസ്റ്റിൽ നിന്ന് താഴെയിറക്കിയ പ്രകാശിനെ ഫയർഫോഴ്സ് മെഡിക്കൽ കോളജിൽ എത്തിച്ചു.
അവിടെ നിന്ന് ഇയാൾ അപ്പോൾ തന്നെ പുറത്തിറങ്ങി മെഡിക്കൽ കോളജിനു സമീപത്തെ ടവറിൽ കയറി. ടവറിൽ നിന്ന് താഴെയിറക്കിയ ഫയർഫോഴ്സ് പ്രകാശിനെ ഗാന്ധിനഗർ പോലീസിന് കൈമാറി. മാനസിക രോഗിയായതിനാൽ പോലീസും കാര്യമായി ശ്രദ്ധിച്ചില്ല. പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ഇയാൾ ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ എത്തി മറ്റൊരു വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇനി അടുത്തത് എവിടെ ?
മാനസിക രോഗിയായതിനാൽ മാത്രമല്ല അനാഥനായതിനാലാണ് ആശുപത്രിയിൽ ഇയാളെ അഡ്മിറ്റു ചെയ്യാത്തത്. അനാഥ രോഗികളെ സ്വീകരിക്കുന്ന കാര്യത്തിൽ ആശുപത്രി അധികൃതർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പോലീസാണ് അനാഥ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതെങ്കിൽ പോലീസ് കാവൽ നിൽക്കണമെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. എന്തായാലും അനാഥനും മാനസിക രോഗിയുമായ പ്രകാശിന്റെ കാര്യത്തിൽ ഇനി എന്ത് നടപടിയെന്ന് ആരും വ്യക്തമാക്കുന്നില്ല.
ടവറിലോ വൈദ്യുതി പോസ്റ്റിലോ കയറിയാൽ താഴെയിറക്കുക എന്ന ജോലിയല്ലാതെ മറ്റൊന്നും തങ്ങൾക്കറിയില്ല എന്ന് ഫയർഫോഴ്സ് വ്യക്തമാക്കുന്നു. മാനസിക രോഗിയെ എങ്ങനെ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുമെന്ന് പോലീസും ചോദിക്കുന്നു. പ്രകാശിന് ബന്ധുക്കളുളളതല്ലേ അവരെ വിളിച്ചുവരുത്തി പറഞ്ഞയക്കരുതോ ? ഇതാര് ചെയ്യും. പോലീസോ അതോ ഫയർഫോഴ്സോ അതോ ആശുപത്രി അധികൃതരോ ? ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളവരാരുമില്ലേ ഇവിടെ ?