ഗാന്ധിനഗർ: വാഹന അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്നു.എറണാകുളം ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായ അരുണ്‍ രാജിന്റെ (29) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഞായറാഴ്ചയുണ്ടായ വാഹന അപകടത്തെ തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
തുടർന്ന് അരുണ്‍രാജിന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുവാൻ ബന്ധുക്കൾ തീരുമാനിച്ചു. ഹൃദയം, വൃക്കകൾ, കണ്ണുകൾ, കരൾ, ലെൻസ്, കൈകൾ, ശ്വാസകോശം, ചെറുകുടൽ, പാൻക്രിയാസ് തുടങ്ങി മനുഷ്യ ശരീരത്തിലെ മുഴുവൻ അവയവങ്ങളും ദാനം ചെയ്യുന്ന അപൂർവ സംഭവത്തിനാണ് അരുണ്‍ രാജിന്റെ ബന്ധുക്കൾ അനുമതി നല്‍കിയത്.
കോട്ടയം മെഡിക്കൽ കോളജിന് ഒരു വൃക്ക ലഭിക്കും. അതിനായി മൃതസഞ്ജീവനി കോ-ഓർഡിനേറ്റർ ജിമ്മി ജോർജ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് 12.30ന് കൊണ്ടുവരുന്ന വൃക്ക തൊടുപുഴ സ്വദേശി രാജീവിന്റെ ശരീരത്തിൽ വച്ച് പിടിപ്പിക്കും. 2017 മുതൽ കോട്ടയം മെഡിക്കൽ കോളജിലെ വൃക്കരോഗ വിഭാഗത്തിൽ ചികിത്സയിലാണ് രാജീവ്. ബി പോസിറ്റീവ് ഗ്രൂപ്പിൽപ്പെട്ട വൃക്കയ്ക്കായി കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ തന്നെ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു.
ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി അരുണ്‍ രാജിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളജിന് ലഭിക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് രാജീവിനെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയായിരിന്നു. നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി ജയകുമാറിന്റെയും യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ടിന്റെയും നേതൃത്വത്തിൽ ശസ്ത്രക്രിയ നടക്കും.