ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ വൃക്ക ആയതിനാൽ രണ്ടു ദിവസത്തിനു ശേഷമേ പൂർണ തോതിലുള്ള ആരോഗ്യനില വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്ന് നെഫ്രോളജി വിഭാഗം ഡോക്ടർ രാഷ്ടദീപികയോടു പറഞ്ഞു.
എരുമേലി കണമല സ്വദേശി ജോബീസ് ഡേവിഡിന് (34 ) ആണ് വൃക്ക മാറ്റിവച്ചത്. വാഹന അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി അരുണ്‍ രാജിന്റെ (29) ഒരു വൃക്കയാണ് ജോബീസിന് ലഭിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലിയിൽ നിന്നും മൃതസഞ്ജീവനി കോ-ഓർഡിനേറ്റർ ജിമ്മി ജോർജിന്റെ നേതൃത്വത്തിൽ വൃക്ക ആശുപത്രിയിൽ എത്തി ച്ചു.
നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ.പി. ജയകുമാർ, യൂറോളജി മേധാവി ഡോ. സുരേഷ് ഭട്ട് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അതേസമയം, തൊടുപുഴ സ്വദേശി രാജീവിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുവാനാണ് ആദ്യം തീരുമാനിച്ചി രുന്നതെങ്കിലും നെഫ്രോളജി വിഭാഗത്തിന്റെ തീരുമാനം അവസാനമണിക്കൂറിൽ മാറ്റുകയായിരുന്നു.
രാജീവിനെ വൃക്ക മാറ്റിവയ്ക്കുന്നതിന് വിധേയമാക്കുമെന്നുള്ള ധാരണയിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും വൃക്ക കൊണ്ടുവരുന്നതിനുളള ഫ്ളൂയിഡിന്റെ വിലയായ 25,000രൂപ നൽകുവാൻ രാജീവിന്റെ ബന്ധുക്കൾ തയ്യാറാകുകയും ചെയ്തതാണ്. എന്നാൽ രാജീവിന്റെ മൂത്രനാളത്തിന്റെ പ്രശ്നം കാരണം വൃക്ക വച്ചുപിടിപ്പിക്കൽ പിന്നീട് മതിയെന്ന യൂറോളജി ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ശസ്ത്രക്രിയ മാറ്റിവച്ചത്.