ന്യൂഡൽഹി: പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ ചമഞ്ഞു തട്ടിപ്പു നടത്തിയ മലയാളി അരുണ്‍ പി. രവീന്ദ്രൻ (36) അറസ്റ്റിലായത് ഭാര്യയുടെ മറ്റൊരു പരാതിക്കൊടുവിൽ.
അരുണിന്റെ ഭാര്യ ഡിആർഡിഒക്ക് അയച്ച ഒരു പരാതിയെത്തുടർന്നാണ് തട്ടിപ്പുകൾ പുറത്തുവന്നതും അറസ്റ്റിലേക്കു വഴിവച്ചതും. ആറു ലക്ഷം രൂപയും സ്വർണാഭരണങ്ങളും അരുണ്‍ തട്ടിയെടുത്തെന്നു കാണിച്ചു ഭാര്യ ഡിആർഡിഒയിലേക്കു കത്തയച്ചു. എന്നാൽ അരുണ്‍ പി. രവീന്ദ്രൻ എന്നൊരാൾ ഡിആർഡിഒയിൽ ജോലി ചെയ്യുന്നില്ലെന്നായിരുന്നു മറുപടി.
ഇതേത്തുടർന്നാണ് കേരള പോലീസിനു പരാതി നൽകിയതും കോഴിക്കോട്ടെ വാടകവീട്ടിൽനിന്ന് ഇയാളെ അറസ്റ്റു ചെയ്തതും. വീട്ടിൽ നിന്നു വ്യാജ തിരിച്ചറിയൽ കാർഡും കത്തുകളും അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ശാസ്ത്രജ്ഞൻ ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക്. ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ തന്ത്രപ്രധാന ഓഫീസുകളിലെ നിത്യസന്ദർകനായിരുന്ന ഈ തട്ടിപ്പുവീരനു കേന്ദ്രമന്ത്രിമാർ അടക്കം ബിജെപി നേതാക്കളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധവും വിവാദമായിട്ടുണ്ട്.
കോഴിക്കോട് തിരുവാന്പാടി സ്വദേശിയും പിന്നീട് തിരുവല്ലയിലേക്കു മാറിത്താമസിക്കുകയും ചെയ്ത അരുണിനെ കോഴിക്കോട് നരിക്കുനിയിലെ വാടകവീട്ടിൽ നിന്നാണ് കേരള പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയ്ക്കു (ഐബി) കൈമാറി. ഐബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിലൂടെയാണു വൻ തട്ടിപ്പിന്റെ പല കഥകളും പുറത്തുവരുന്നത്. ഇതേത്തുടർന്നാണ് എൻഐഎ അന്വേഷണം തുടങ്ങിയത്.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ അഞ്ചു വർഷമായി ഡൽഹി കേന്ദ്രീകരിച്ചായിരുന്നു അരുണ്‍ വൻ സാന്പത്തിക തട്ടിപ്പുകൾ അടക്കമുള്ള തിരിമറികൾ നടത്തിയത്.
രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി ബിജെപി, ആർഎസ്എസ് പ്രമുഖരിൽ ചിലരുമായി ചേർന്നു നടത്തിയ തട്ടിപ്പുകൾ രാജ്യസുരക്ഷയ്ക്കു വരെ ഭീഷണിയായേക്കാമെന്ന സംശയം കേന്ദ്രസർക്കാരിലെ ഉന്നതരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പോലുള്ളവ വാഗ്ദാനം ചെയ്ത് ഇയാൾ പലരിൽ നിന്നു ലക്ഷങ്ങൾ തട്ടിച്ചെടുത്തിട്ടുണ്ട്.
രാജ്യസുരക്ഷ അപകടത്തിലാക്കിയ ഇയാളുടെ അറസ്റ്റും തട്ടിപ്പിന്റെ വിശദാംശങ്ങളും മറയ്ക്കാൻ രാഷ്ട്രീയ ഭേദമന്യേ ചിലർ നടത്തുന്ന ശ്രമങ്ങളും ദേശീയ അന്വേഷണ ഏജൻസിയെ ഞെട്ടിച്ചു. ഡൽഹിയിലെ മയൂർ വിഹാറിൽ താമസമാക്കിയിരുന്ന ഇയാൾ പ്രധാന കേന്ദ്ര സർക്കാർ
ഓഫീസുകൾ പ്രവർത്തിച്ചിരുന്ന സിജിഒ കോപ്ലംക്സിലും ആർഎസ്എസിന്റെ ജൻഡേവാലയിലെ കേന്ദ്ര ഓഫീസിലും മലയാളികളായ ബിജെപി നേതാക്കളുടെയും വസതികളിലും ഓഫീസുകളിലും പതിവുസന്ദർശകനായിരുന്നു. സംഘപരിവാർ നേതാക്കളും പത്രപ്രവർത്തകരും തട്ടിപ്പിൽ പങ്കാളികളായെന്നാണു സംശയം.
ഡിആർഡിഒ വ്യാജ ഐഡന്റിന്റി കാർഡിനു പുറമേ, സിവിൽ സർവീസസ് ഐഎഎസ് പരീക്ഷയിൽ ജയിച്ച ശേഷം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ഇന്റർവ്യൂവിനു ക്ഷണിച്ചതായുള്ള വ്യാജ കത്തും ഇയാളുടെ വസതിയിലെ റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.
അരുണിന്റെ ഫോട്ടോ സഹിതമാണ് വ്യാജ കത്തു നിർമിച്ചത്. ഒന്‍പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാൾ പക്ഷേ, അഖിലേന്ത്യാ എൻട്രസ് പരീക്ഷയിൽ 118ാം റാങ്കുകാരൻ ആണെന്നും എംടെക് ബിരുദധാരിയാണെന്നുമാണ് അവകാശപ്പെട്ടിരുന്നത്.