പാലാ: ഇടപാടുകാരും അധികൃതരും അറിഞ്ഞില്ല, അരുണ്‍ സെബാസ്റ്റ്യനും സംഘവും സ്വർണം പണയം വെയ്ക്കാനെത്തിയവരുടെ പേരിൽ തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപയാണെന്ന്.
സംഭവം പുറത്തറിഞ്ഞതോടെ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. കാഞ്ഞിരപ്പള്ളി സ്വദേശി വലിയപറന്പിൽ അരുണ്‍ സെബാസ്റ്റ്യനെ (30)യാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ പാലാ ശാഖയിൽനിന്നും ഒരു കോടിയിലധികം രൂപ തട്ടിച്ച കേസിൽ പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിൽ വലിയ വ്യാപാര ശൃംഖലയുള്ള പണമിടപാട് സ്ഥാപനത്തിന്റെ പത്തോളം ബ്രാഞ്ചുകളുടെ സോണൽ ഹെഡ് കൂടിയായിരുന്നു അരുണ്‍. സ്വർണപ്പണയത്തിൻമേലാണ് നാളുകൾ നീണ്ട വൻ സാന്പത്തിക തട്ടിപ്പ് അരങ്ങേറിയത്. ശാഖയിലെ രണ്ടു ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തിരിമറി. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകൾ അധികം ഇല്ലാതിരുന്നത് മുതലെടുത്തായിരുന്നു തട്ടിപ്പ്. സ്വർണം പണയം വയ്ക്കാനെത്തുന്നവർക്ക് കൃത്യമായി തുക നൽകിയശേഷം, ലഭിച്ച സ്വർണത്തിന്റെ അളവ് കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുക്കുന്നതായിരുന്നു തട്ടിപ്പ് രീതി.
സ്വർണം പൊതിയുന്ന കവറുകളുടെ എണ്ണം കൂട്ടിയും അളവ് കൂട്ടിക്കാണിച്ചുമായിരുന്നു തട്ടിപ്പ്. ഇടപാടുകാർ നൽകുന്ന ഐഡി കാർഡുപയോഗിച്ച് പുതിയ പണയം എടുത്തതായും പോലീസ് പറഞ്ഞു.
കന്പനി അധികൃതർ നടത്തിയ ഓഡിറ്റിംഗിലാണ് പാകപ്പിഴകൾ കണ്ടെത്തിയത്. തുടർന്നു നടത്തിയ വിശദമായ ഓഡിറ്റിംഗിൽ ഒരുകോടിയിലധികം രൂപയുടെ തിരിമറി കണ്ടെത്തിയതോടെ അധികൃതർ പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതേത്തുടർന്ന് ഒളിവിൽപ്പോയ അരുണിനെ പാലാ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
പാലാ ഡിവൈഎസ്പി സാജു വർഗീസ്, സിഐ അനൂപ് ജോസ്, എസ്ഐ തോമസ്, എഎസ്ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിപിഒമാരായ ഗോപകുമാർ, ജോജി എന്നിവർ നേതൃത്വം നൽകി.