മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി അധികാരത്തിലിരുന്നിട്ടേയില്ല! ഒരു പ്രധാനമന്ത്രിയുടെ ഓഫീസും ഇത്ര ദുര്‍ബലമായിട്ടില്ല; നാല്‍പ്പത് വര്‍ഷമായി രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന അരുണ്‍ ഷൂരി വിശദമാക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരനും മുന്‍ ബിജെപി നേതാവുമായ അരുണ്‍ ഷൂരി രംഗത്ത്. മോദിയേക്കാള്‍ അരക്ഷിതനും ദുര്‍ബലനുമായ പ്രധാനമന്ത്രി അധികാരത്തിലിരുന്നിട്ടേയില്ലെന്നാണ് ഷൂരിയുടെ വിമര്‍ശനം. ന്യൂഡല്‍ഹിയില്‍ ടൈംസ് ലിറ്റ് ഫെസ്റ്റില്‍ സംസാരിക്കവേയാണ് അരുണ്‍ ഷൂരി ഇക്കാര്യങ്ങള്‍ പറഞ്ഞത്. വിവരസാങ്കേതിക വിദ്യയുടെ പുതിയ കാലഘട്ടത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അതിനാല്‍ തന്നെ കുപ്രചരണങ്ങളും വളച്ചൊടിക്കലും എളുപ്പം വെളിച്ചത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഞാന്‍ രാഷ്ട്രീയ നിരീക്ഷണം നടത്തുന്നു.

ഇപ്പോള്‍ നടക്കുന്നതു പോലെയുള്ള ഇത്രയധികം യാഥാര്‍ഥ്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ക്ക് താന്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കുപ്രചരണങ്ങളെ അവരുടെ തന്നെ കൃതികള്‍ വായിച്ചും വ്യാഖ്യാനിച്ചുമാണ് മറികടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അരക്ഷിതാവസ്ഥയുടെ മൂര്‍ദ്ധന്യാവസ്ഥയിലായതു കൊണ്ട് തന്നെ ഒരു പ്രധാനമന്ത്രിയുടെ ഓഫീസും ഇന്ന് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ദുര്‍ബലമായിട്ടില്ല. ഷൂരി ആരോപിച്ചു. അംബേദ്കര്‍ ഹിന്ദുത്വത്തെയും ബിജെപിയെയും അനുകൂലിച്ചു എന്ന തരത്തില്‍ ചിലപ്പോള്‍ ബിജെപി വാദങ്ങളുന്നയിച്ചിട്ടുണ്ട്. അംബേദ്കറുടെ തന്നെ റിഡ്ഡില്‍സ് ഇന്‍ ഹിന്ദൂയിസം എന്ന പുസ്തകം വായിച്ച് ഈ വാദങ്ങളെ നമുക്ക് ചോദ്യം ചെയ്യാനാകുമെന്നും അരുണ്‍ ഷൂരി അഭിപ്രായപ്പെട്ടു.

 

Related posts