തിരുവനന്തപുരം: ആര്യനാട്ട് യുവാവ് കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയേയും സുഹൃത്തിനേയും പോലീസസ് കസ്റ്റഡിയിലെടുത്തു.
ആര്യനാട് കുളപ്പട മുണ്ടിയോട് രാജീവ് ഭവനത്തിൽ അരുണ്‍ (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ-
അരുണിന്റെ സുഹൃത്തുമായി ഭാര്യ അടുപ്പത്തിലായിരുന്നു. ഇന്നലെ രാത്രി സുഹൃത്ത് വീട്ടിലുള്ളപ്പോൾ അരുണും ഭാര്യയും ഇതേ ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസത്തെതുടർന്ന് നടന്ന സംഘർഷത്തിൽ അരുൺ കുത്തേറ്റു മരിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അരുണിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അരുണിന്റെ ഭാര്യയെയും സുഹൃത്തിനേയും ആര്യനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
അരുണിന്റെ ഭാര്യയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അരുണും ഭാര്യയും താമസിച്ച് വന്നിരുന്നത്. ആര്യനാട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.