തിരുവനന്തപുരം: അരുണാചല്‍പ്രദേശിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളുടെയും ഇവരുടെ സുഹൃത്തായ അധ്യാപികയുടെയും മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഇന്നു രാവിലെ 6.30നു ഗോഹട്ടിയില്നിന്നും വിമാനമാര്‍ഗം കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ബംഗളൂരു വഴി ഉച്ചയ്ക്കു 12.30നു തിരുവനന്തപുരത്തെത്തിക്കും.
മീനടം നെടുംപൊയ്കയില്‍ നവീന്‍ തോമസ് (39), ഭാര്യ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്‍എ സിആര്‍എ കാവില്‍ ദേവി (41), സുഹൃത്ത് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ എംഎംആര്‍എ 198 ശ്രീരാഗത്തില്‍ ആര്യ ബി. നായര്‍ (29) എന്നിവരെയാണു ചൊവാഴ്ച ഉച്ചയോടെ സിറോ ലോവര്‍ സുബാന്‍സിരി ബ്ലുപൈന് ഹോട്ടലിലെ 305-ാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂവരുടെയും ബന്ധുക്കള്‍ ഇന്നലെ ഉച്ചയോടെ ലോവര്‍ സുബാന്സിരിയിലെത്തി. നാഹര്ലഗന് തൊമോറിബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി (ട്രിന്‍സ്) ലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. തുടർന്ന് എംബാം ചെയ്ത മൃതദേഹം രാത്രി 8.45നു ഗോഹട്ടിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചു. ഇന്നലെ വൈകുന്നേരം ആറിനു കേരള പോലീസും നാഹര്ലഗനിലെത്തിച്ചേര്ന്നു. പ്രാഥമിക പരിശോധനയിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രക്തം വാര്‍ന്നാണ് മൂവരും മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. നവീനിന്റെയും ആര്യയുടെയും ഇരുകൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ദേവിയുടെ ഒരു കൈയിലും ശരീരത്തിലും ചെറിയ മുറിവുകളുണ്ട്.
മൂവരും താമസിച്ചിരുന്ന മുറി പോലീസ് സീൽ ചെയ്തിരിക്കുകയാണ്. മുറി തുറന്ന് പരിശോധിച്ച ശേഷവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകൂ എന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവിന്റെ നിർദേശാനുസരണമാണ് തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം അരുണാചൽപ്രദേശിലേക്ക് പോയത്. മരണമടഞ്ഞവരുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധന നടത്തും.
ദേവിയെ മുറിയിലെ കട്ടിലിലും ആര്യയെ തറയിലും നവീനിനെ ബാത്ത്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യയുടെ കഴുത്തിലും ദേവിയുടെ കൈകളിലും മുറിവേറ്റ പാടുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വിശദമായ അന്വേഷണത്തിനുശേഷമേ വ്യക്തമാക്കാൻ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ദേവിയെയും ആര്യയെയും കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതകളെക്കുറിച്ചും പോലീസ് സംശയിക്കുന്നു.
അതേസമയം, മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ മുറിയിൽനിന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കണ്ടെത്തിയിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ച് ഇവർ ഗൂഗിളിൽ തെരഞ്ഞിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ബ്ലാക്ക് മാജിക് വിശ്വാസങ്ങളോട് ഇവർ അനുഭാവം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
നവീനും ദേവിയും മുൻപും അരുണാചൽപ്രദേശിലേക്ക് ബന്ധുക്കളെ അറിയിക്കാതെ പോയിരുന്നു. വീട്ടുകാർ ഏറെ ദിവസം നടത്തിയ അന്വേഷണത്തിലാണ് അന്ന് ഇരുവരും അരുണാചലിലാണെന്ന് മനസിലാക്കിയത്. വീട്ടുകാരെ അറിയിക്കാതെ പോയതിനെക്കുറിച്ച് ദേവിയുടെ ബന്ധുക്കൾ ദേവിയോടും നവീനിനോടും തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോൾ ചോദിച്ചിരുന്നു. ഇതേ ചൊല്ലി വീട്ടുകാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ഒരു വർഷമായി ദേവിയും നവീനും കോട്ടയത്തെ നവീന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ദേവി മാതാപിതാക്കളുമായി ആശയവിനിമയം കുറച്ചിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
ആര്യയുടെ വിവാഹം അടുത്ത മാസം ഏഴിന് നിശ്ചയിച്ചിരുന്നതാണ്. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തില്‍ ഏകമകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ പിതാവ് അനില്‍കുമാറും ഭാര്യ മഞ്ജുവും ആരംഭിച്ചിരുന്നു. കല്യാണം വിളിച്ചുതുടങ്ങിയതായാണു ബന്ധുക്കള്‍ പറയുന്നത്. സ്കൂളില്‍നിന്നു ടൂര്‍ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടില്‍നിന്ന് ഇറങ്ങിയത്.
പിന്നീട് ആര്യയെ കാണാതായതോടെ അനില്‍കുമാറും ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു. ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായ ആര്യ പൊതുവെ അധികം സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നാണു നാട്ടുകാര്‍ പറയുന്നത്. സ്കൂളില്‍നിന്ന് ഓട്ടോയില്‍ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു കയറിപ്പോകുകയാണു പതിവ്. വീട്ടിലും കുട്ടികളെ ആര്യ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു. ദേവി മുന്‍പ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു.