സ്ത്രീകള്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പാഡുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതോടെ ഭാര്യ ഉപേക്ഷിച്ചു പോയി; നാട്ടുകാര്‍ ഭ്രാന്തനെന്നു മുദ്രകുത്തി; പാഡ്മാനാകാന്‍ മുരുഗാനന്ദം സഞ്ചരിച്ചത് കനല്‍വഴികളിലൂടെ…

ഇന്ന് അരുണാചലം മുരുഗാനന്ദം രാജ്യത്തിനകത്തും പുറത്തും പ്രശസ്തനാണ്. മുരുകാനന്ദത്തിന്റെ ജീവിതം പറഞ്ഞ ‘പാഡ്മാന്‍’ തീയറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ പലവിധത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടി അക്ഷയ് കുമാര്‍ സാനിറ്ററി നാപ്കിനുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ അവരുടെ ആര്‍ത്തവാനുഭവങ്ങള്‍ പാഡിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തുതുടങ്ങി. അക്ഷയ്കുമാര്‍ചിത്രം പറയുന്നത് കുറഞ്ഞ ചെലവില്‍ രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്ത പാഡ് മാന്റെ കഥയാണ്.

ഇതു വെറുമൊരു കഥയല്ല, കേരളത്തിന്റെ അയല്‍നഗരമായ കോയമ്പത്തൂരില്‍നിന്നുള്ള അരുണാചലം മുരുഗാനന്ദത്തിന്റെ യഥാര്‍ഥ ജീവിതംതന്നെയാണ്. തീണ്ടാരിപ്പെണ്ണുങ്ങളെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുന്ന പരമ്പരാഗത ഗ്രാമപശ്ചാത്തലത്തില്‍നിന്നു വന്ന മുരുകാനന്ദമാണു കോര്‍പറേറ്റ് കമ്പനികളുടെ വിലകൂടിയ നാപ്കിനുകള്‍ വാങ്ങാനാകാതെ നിരാശപ്പെട്ട രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട പെണ്ണുങ്ങളുടെ ആര്‍ത്തവനോവിന് അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത്. അതുകൊണ്ടുതന്നെയാണു ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളെ ഉള്‍പ്പെടുത്തി ടൈംമാഗസിന്‍ 2014ല്‍ പുറത്തിറക്കിയ പട്ടികയില്‍ മുരുകാനന്ദത്തിനും അഭിമാനകരമായ ഇടം നേടിക്കൊടുക്കാന്‍ കാരണമായതും.

താന്‍ ചോദിച്ച ഒരു ചോദ്യത്തിന് ഭാര്യ പറഞ്ഞ മറുപടിയാണ് തന്നെ പാഡ്മാന്‍ ആക്കിയതെന്ന് പറയുന്ന മുരുകാനന്ദം തന്റെ ജീവിതം തുടങ്ങിയത് കോയമ്പത്തൂരിലെ ഒരു പിന്നാക്കഗ്രാമത്തില്‍ നിന്നായിരുന്നു. 1998ല്‍ വിവാഹശേഷം ഭാര്യ ആര്‍ത്തവദിനങ്ങളില്‍ പഴന്തുണിയും മറ്റും ശേഖരിച്ചു രക്തക്കറ മറയ്ക്കാന്‍ പാടുപെടുന്നതു കണ്ടപ്പോള്‍ മുരുകാനന്ദം ചോദിച്ചു, നാപ്കിന്‍ വാങ്ങി ഉപയോഗിച്ചുകൂടേ എന്ന്.

പുച്ഛത്തോടെയായിരുന്നു ഭാര്യയുടെ മറുപടി; ‘നാപ്കിന്‍ വാങ്ങിയാല്‍ പിന്നെ കുട്ടികള്‍ക്കു പാലും റൊട്ടിയും വാങ്ങാന്‍ പണം തികയില്ല’. ആ മറുപടിയിലെ ദൈന്യതയായിരുന്നു വില കുറഞ്ഞ നാപ്കിനുകള്‍ തന്റെ ഭാര്യ ഉള്‍പ്പെടെയുള്ള പാവപ്പെട്ട പെണ്ണുങ്ങള്‍ക്കു നിര്‍മിച്ചു വിതരണം ചെയ്യണമെന്ന സ്വപ്നം മുരുകാനന്ദത്തിലുണര്‍ത്തിയത്.

അതിനായുള്ള പ്രയത്‌നമായിരുന്നു പിന്നീട്. 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലു രൂപയ്ക്കാണ് അക്കാലത്തു കടകളില്‍ വിറ്റിരുന്നതെന്നു മുരുകാനന്ദം മനസ്സിലാക്കി. ഈ കൊള്ള അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ മുരുകാനന്ദം പാഡ് ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തു. വെല്‍ഡിങ് ജോലിയിലെ മിടുക്ക് ഇതിനു പ്രയോജനപ്പെടുത്തുകയും ചെയ്തു.

പക്ഷേ ഭാര്യയില്‍ മാത്രം പരീക്ഷിച്ചാല്‍ തന്റെ പാഡ് യന്ത്രത്തിന്റെ ഉല്‍പാദനം വിജയകരമാകില്ലെന്നും വന്‍തോതില്‍ പാഡുകള്‍ ഉല്‍പാദിപ്പിക്കുന്ന യന്ത്രമുണ്ടാക്കാന്‍ 10 വര്‍ഷം പാടുപെടേണ്ടിവരുമെന്നും മുരുകാനന്ദം മനസ്സിലാക്കി. കുടുംബത്തിലെ മറ്റു സ്ത്രീകളാരും മുരുകാനന്ദത്തിന്റെ പരീക്ഷണത്തിനു നിന്നുകൊടുക്കാന്‍ തയാറല്ലായിരുന്നു. സമീപത്തെ മെഡിക്കല്‍ കോളജിലെ ചില വിദ്യാര്‍ഥിനികളോട് വളരെ പ്രയാസപ്പെട്ടു കാര്യം അവതരിപ്പിച്ചെങ്കിലും അവരാരും വര്‍ക്ക്‌ഷോപ്പുകാരന്റെ പരീക്ഷണത്തെ ഗൗനിക്കാന്‍ തയാറായില്ല.

പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും മുരുകാനന്ദത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിനു സാനിറ്ററി പാഡ് ഉപയോഗിച്ച ആദ്യത്തെ പുരുഷന്‍ എന്ന പേരുവീഴുന്നത്. ഫുട്ബോള്‍ ബ്ലാഡര്‍ കൊണ്ടുണ്ടാക്കിയ കൃത്രിമ ഗര്‍ഭപാത്രത്തില്‍ ആടിന്റെ ചോര നിറച്ച് അത് അരയില്‍ കെട്ടിയായിരുന്നു പരീക്ഷണം. അതോടെ നാട്ടുകാര്‍ അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ച് അധിക്ഷേപിച്ചു. പൊതുകുളത്തില്‍ കുളിക്കാന്‍ ചെന്ന അദ്ദേഹത്തിന് ലൈംഗികരോഗമുണ്ടെന്നു പറഞ്ഞു നാട്ടുകാര്‍ ആട്ടിപ്പായിച്ചു.

നാട്ടിലെ സ്ത്രീകള്‍ ഉപയോഗിച്ചു വലിച്ചെറിഞ്ഞ പാഡുകളും ആര്‍ത്തവത്തുണികളും പരീക്ഷണത്തിനു വേണ്ടി ശേഖരിക്കാന്‍ തുടങ്ങിയതോടെ ഭാര്യയും മുരുകാനന്ദത്തെ ഉപേക്ഷിച്ചു. അമ്മയും സഹോദരിമാരും അയാള്‍ക്കു മുന്നില്‍ വീട്ടുവാതില്‍ കൊട്ടിയടച്ചു. നാട്ടില്‍ ഏതാണ്ടു ഭ്രഷ്ടു കല്‍പിക്കപ്പെട്ട വിധം ഒറ്റപ്പെട്ടുപോയ നാളുകളായിരുന്നു പിന്നീട് അദ്ദേഹത്തെ കാത്തിരുന്നത്. എങ്കിലും അദ്ദേഹം പരീക്ഷണം തുടര്‍ന്നു.

പഞ്ഞികൊണ്ടുള്ള പാഡുകള്‍ രക്തക്കറ പിടിച്ചുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെ മുരുകാനന്ദം യൂറോപ്പിലെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ചില കമ്പനി നടത്തിപ്പുകാര്‍ക്കു നിരന്തരം കത്തുകളെഴുതി തന്റെ സംശയങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതായപ്പോള്‍ യൂറോപ്പില്‍നിന്നു മുരുകാനന്ദത്തിന്റെ മേല്‍വിലാസത്തില്‍ പാഴ്‌സല്‍ എത്തി. അതിലുണ്ടായിരുന്നു അത്രകാലം തേടിനടന്ന ‘പാഡ് രഹസ്യം’.

പഞ്ഞിക്കു പകരം പ്രത്യേകതരം മരത്തടിയില്‍നിന്നുള്ള സെല്ലുലോസായിരുന്നു അത്. പിന്നീടുള്ള ശ്രമങ്ങള്‍ സെല്ലുലോസ് പൊടിച്ചുണ്ടാക്കാനുള്ള യന്ത്രത്തിന്റെ പിന്നാലെയായിരുന്നു. ഒടുവില്‍ അഞ്ചുവര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് ഉണ്ടാക്കാനുള്ള യന്ത്രം മുരുകാനന്ദം വികസിപ്പിച്ചെടുത്തു. ഈ പുതിയ യന്ത്രത്തിനു ദേശീയ ഇന്നവേഷന്‍ അവാര്‍ഡ് ലഭിച്ചതോടെ മുരുകാനന്ദത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി മൊബൈലിലേക്കു ഭാര്യയുടെ വിളിയെത്തി. ‘എന്നെ ഓര്‍മയുണ്ടോ?’ ഭാര്യ മാത്രമല്ല, ഒരിക്കല്‍ തള്ളിപ്പറഞ്ഞവരും ആട്ടിയിറക്കിയവരുമെല്ലാം മുരുകാനന്ദത്തെ അഭിമാനപൂര്‍വം തേടിവന്നു. മെഷീനുണ്ടാക്കിയശേഷവും വെറുതെയിരുന്നില്ല അദ്ദേഹം.

പകരം ഗ്രാമത്തിലെ സ്ത്രീകളെ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം പഠിപ്പിച്ചുതുടങ്ങി. വനിതാകൂട്ടായ്മകളും സ്വയം സഹായ സംഘങ്ങളും മുരുകാനന്ദത്തിന്റെ യന്ത്രത്തെ ജനകീയമാക്കി. പാവപ്പെട്ട പെണ്‍കൊടികള്‍ അവരുടെ ആര്‍ത്തവദിനങ്ങളെ ആഘോഷമാക്കിയ ചുവന്ന വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. ആദ്യത്തെ 18 മാസത്തിനിടെ 250 മെഷീനുകളാണു മുരുകാനന്ദം വികസിപ്പിച്ചെടുത്തത്. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ സ്ത്രീകളാണ് ഈ മെഷീന്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്തിയത്.

ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ ആയിരത്തി മുന്നൂറിലേറെ ഗ്രാമങ്ങളില്‍ ഇതിനകം മുരുകാനന്ദത്തിന്റെ സാനിറ്ററി പാഡ് മെഷീന്‍ വ്യാപകമായിക്കഴിഞ്ഞു. ഗ്രാമീണസ്ത്രീകള്‍ കുറഞ്ഞ വിലയ്ക്ക് ഈ സാനിറ്ററി പാഡുകള്‍ വാങ്ങി ഉപയോഗിക്കുന്നു. ആര്‍ത്തവാരംഭത്തോടെ പള്ളിക്കൂടവും പഠിപ്പുമൊക്കെ അവസാനിപ്പിച്ചു വീട്ടിലിരുന്നുപോകുമായിരുന്ന പിന്നാക്കഗ്രാമങ്ങളിലെ ആയിരക്കണക്കിനു പെണ്‍കുട്ടികളെയാണു മുരുകാനന്ദത്തിന്റെ പാഡുകള്‍ തിരികെ ജീവിതത്തിന്റെ വെളിച്ചവഴികളിലേക്കു കൈപിടിച്ചു നടത്തിയതിയതില്‍ അഭിമാനം കൊള്ളുകയാണ് ഈ പാഡ്മാന്‍ ഇന്ന്.

 

Related posts