നെടുമങ്ങാട്: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി അരുൺബാബു യാത്രയായി. കുവൈറ്റിൽ ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണമടഞ്ഞ ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺബാബു ഒരിക്കൽ കൂടി കുവൈറ്റിലേക്ക് പോയത് സ്വന്തമായി ഒരു വീട് നിർമ്മിക്കാനാണ്.
കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലാണ് അരുൺബാബു ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിയുടെ ലേബർ ക്യാമ്പ് കെട്ടിടത്തിൽ ഉണ്ടായ തീ പിടിത്തത്തിലാണ് അരുൺബാബു ഉൾപ്പെടെ യുള്ള നിരവധിപേർ വെന്തു മരിച്ചത്.
കോവിഡ് കാലത്തിനു മുൻപ് ഇതേ കമ്പനിയിൽ ജോലി നോക്കിയിരുന്ന അരുൺബാബു വീണ്ടും ആറ് മാസം മുൻപാണ് കുവൈറ്റിലേക്ക് പോയത്. ഏറെ കട ബാധ്യത കൾ ഉണ്ടായിരുന്ന അരുൺ ബാബുവിനെ വീണ്ടും കുവൈറ്റിൽ എത്തിച്ചത് അവിടെ തന്നെ ജോലി ചെയ്യുകയായിരുന്ന അമ്മയുടെ അനുജത്തി ആണ്.
ഉഴമലയ്ക്കൽ കുര്യാത്തിയിലെ സഹോദരന്റെ വീടിനു സമീപം താമസിച്ചു വരികയായിരുന്ന അരുൺബാബു ഇതിനു സമീപത്തായി വീട് വയ്ക്കാൻ വസ്തു വാങ്ങിയിരുന്നു. കുവൈറ്റിൽ ജോലി ചെയ്തു പണം സമ്പാദിച്ചു തനിക്കും ഭാര്യക്കും മക്കൾക്കും ഒരു വീട് എന്നതായിരുന്നു സ്വപ്നം.
ഭാര്യ വിനിതയേയും മക്കളായ അഷ്ടമി, അമയ്യ എന്നിവരെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് വിട്ടാണ് അരുൺ ബാബു കുവൈറ്റിലേക്കു മടങ്ങിയത്.അരുൺബാബുവിന്റെ വിയോഗ വാർത്ത വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കളും വീട്ടുകാരും തീരാ ദുഖത്തിലാണ്.
ആർ. സി. ദീപു