തൊടുപുഴ: കുമാരമംഗലത്ത് ഏഴു വയസുകാരനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയ്ക്കെതരേ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരം കേസെടുക്കാൻ കോടതി നിർദേശം. തൊടുപുഴ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
ആഡ്ലി സോഷ്യൽ ഫൗണ്ടേഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണു നടപടി. സംഭവത്തിൽ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദ്(36) ജയിലിൽ കഴിയുകയാണ്.
കുറ്റവാളിയെ സംരക്ഷിക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അമ്മയായ യുവതിക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് യുവതിക്കെതിരേ ജുവനൈൽ ജസ്റ്റീസ് നിയമപ്രകാരംകൂടി കേസെടുക്കാൻ കോടതി നിർദേശിച്ചത്. മാർച്ചിൽ മുട്ടം ജുവനൈൽ ജസ്റ്റീസ് കോടതിയിൽ യുവതി ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
2019 മാർച്ച് 28ന് കുമാരമംഗലത്തെ വാടക വീട്ടിൽ വച്ചാണ് ഏഴു വയസുകാരനെ അരുണ്‍ ആനന്ദ് ക്രൂരമായി മർദിച്ചത്. ഉറക്കത്തിനിടെ സോഫയിൽ ഇളയ സഹോദരനായ നാലു വയസുകാരൻ കിടക്കയിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പത്തു ദിവസം ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ കുട്ടി ഏപ്രിൽ ആറിനാണ് മരിച്ചത്.