ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാന്‍ മലയാളികള്‍ കൊച്ചിയില്‍ തടിച്ചുകൂടിയതിനെതിരെ നാനാദിക്കില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഗമത്തെ വിമര്‍ശനവിധേയമാക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയും ഏതാനും ആളുകള്‍ രംഗത്തെത്തി. അതിലൊരാളാണ് സിനിമാനടി അരുന്ധതി.
കൊച്ചിയില്‍ സംഗമിച്ചവരെ അഭിനന്ദിക്കുന്നു എന്ന രീതിയിലായിരുന്നു അരുന്ധതിയുടെ പ്രതികരണം. ബഹുമാനിക്കേണ്ട വ്യക്തിത്വമാണ് സണ്ണിയുടേതെന്ന കാരണമാണ് അരുന്ധതി ഇതിന് പറയുന്നത്.
അരുന്ധതിയുടെ ഫേസ്ബുക്കിലെ കുറിപ്പ് വായിക്കാം
പോണ് ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണി സൂപ്പറാണ്. കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ. അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം.
പക്ഷെ കൊച്ചിയില്‍ ഇന്നുകണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക! സണ്ണി ലിയോണിയെന്ന, സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്റെ ആരാധകരെക്കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ!