പത്തനംതിട്ട: റാന്നി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായ പോലീസുകാരനെ സംരക്ഷിക്കാന്‍ സഹപ്രവര്‍ത്തകർ ശ്രമിക്കുന്നതായി ആക്ഷേപം.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അരുണ്‍ദേവിനെതിരെ യുവതി നല്കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവി ഇടപെട്ട് കേസെടുപ്പിച്ചെങ്കിലും തുടര്‍ നടപടി വൈകിപ്പിക്കുകയാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും തട്ടിയെടുത്തുവെന്നാണ് പരാതി.
ഇതിനിടെ മേയ് 19നു അരുണ്‍ദേവിനെ കാണാതായിരുന്നു. ഇതു സംബന്ധിച്ച് പത്തനംതിട്ട പോലീസില്‍ ഇയാളുടെ മാതാവ് പരാതി നല്കി.
തുടര്‍ന്നു നടന്ന അന്വേഷണത്തിനിടെ ഇയാളുടെ മൊബൈല്‍ഫോണില്‍ നിന്നു സമീപദിവസങ്ങളില്‍ പോയിട്ടുള്ള ഫോണ്‍ കോളുകള്‍ സൈബര്‍സെല്‍ പരിശോധിച്ചു.
നിരവധി യുവതികളെ ഇയാള്‍ നിരന്തരം വിളിച്ചിരുന്നുവെന്ന് ഇതോടെ മനസിലായി. ഇവരെയെല്ലാം പോലീസ വിളിച്ചുവരുത്തുകയുമുണ്ടായി.
ഒരേ സമയം നിരവധി യുവതികള്‍ സ്റ്റേഷനിലെത്തിയതോടെ കള്ളി വെളിച്ചത്തായി. പരാതിക്കാരിയായ യുവതിയും ഇതേസമയം സ്റ്റേഷനില്‍ എത്തിയിരുന്നു.
അരുണ്‍ദേവ് തന്നെ വിവാഹം കഴിക്കില്ലെന്ന് അയാളുടെ മാതാവ് സ്റ്റേഷനിലെത്തിയ യുവതിയോടു പറയുകയും ചെയ്തു.
ഇതോടെ വിഷമത്തിലായ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കാണാതായ അരുണ്‍ദേവിനെ കോന്നിയില്‍ നിന്നു തന്നെ കണ്ടെത്തി തിരികെ കൊണ്ടുവരികയും ചെയ്തു.
യുവതി നല്കിയ പരാതി അനുസരിച്ച് കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് 2020 മേയ് 12നു റാന്നിയിലെ വീട്ടിലെത്തിയ അരുണ്‍ദേവ് മാനഭംഗപ്പെടുത്തിയതായി പറയുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ വിവാഹവാഗ്ദാനം നല്‍കുകയും പിന്നീട് ആറുതവണ പീഡിപ്പിക്കുകയും ചെയ്തു.
നവംബര്‍ രണ്ടിന് അരുണ്‍ദേവിന്റെ പൂങ്കാവിലെ വീട്ടിലും യുവതി പീഡനത്തിനിരയായി. പത്തനംതിട്ടയിലെ ഒരു ഫ്ളാറ്റിലെത്തിച്ചും പീഡിപ്പിച്ചു.
1,73,800 രൂപയും അരപവന്‍ മാല, കമ്മല്‍ എന്നിവ വിവിധ സമയങ്ങളിലായി കൈവശപ്പെടുത്തിയതായും പരാതിയിലുണ്ട്.
അരുണ്ദേവുമായി ബന്ധമുള്ള മറ്റു പല യുവതികളും പരാതികള്‍ക്കു മുതിരുന്നതായാണ് സൂചന.
പിതാവിന്റെ മരണത്തേതുടര്ന്നുള്ള ആശ്രിത നിയമനത്തിലാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. കേസ് ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള വഴികളും സഹപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
വകുപ്പിനു നാണക്കേടാകുമെന്നതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന നിര്‍ദേശം ഉന്നത ഉദ്യോഗസ്ഥരും നല്‍കിയിട്ടുണ്ട്.