സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമായി താരം വെന്റിലേറ്ററിലാണ്. സ്കൂട്ടറിൽ സഞ്ചരിക്കവേ കോവളം ഭാഗത്ത് വച്ചാണ് അരുന്ധതി അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായർ. തമിഴിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 2018ൽ ഒറ്റയ്ക്കൊരു കാമുകൻ എന്ന ഷൈൻ ടോം ചാക്കോ സിനിമയിലൂടെ മലയാളത്തിലും അരുന്ധതി അഭിനയിച്ചു. അരുന്ധതിയുടെ സഹോദരി ആരതിയും സിനിമയിൽ സജീവമാണ്.
അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്. ‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി.’’–ഗോപിക അനിൽ കുറിച്ചു.