ഡി. ദിലീപ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഏഴ് എ പ്ലസ് നേടിയപ്പോൾ പരീക്ഷാ കാലത്തു തന്നെ പേടിപ്പിക്കാൻ കടന്നു വന്ന കാൻസറെന്ന ഭീകരനെ നോക്കി അരുണ്‍ പുഞ്ചിരിച്ചു.
തൊട്ടുപിന്നാലെ നിർണായകമായ സ്കാനിംഗ് റിപ്പോർട്ടു കിട്ടി. രോഗം ഭേദമായെന്ന ഡോക്ടർമാരുടെ സ്ഥിരീകരണമായിരുന്നു അതിന്റെ ഉള്ളടക്കം.
അമ്മയുടെ കെട്ടിപ്പിടിച്ചുമ്മയ്ക്കൊപ്പം ആഹ്ലാദത്തിന്റെ ബലൂണുകൾ ആകാശത്തേക്ക് ഉയർന്നു പറന്നു.
കുടുംബത്തിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രാർഥനകൾക്കും പ്രവർത്തനങ്ങൾക്കും ദൈവത്തിന്റെ ഒരു ’എ പ്ലസ്’ കൂടി. ’നന്ദി..’ അങ്ങനെ പറയാനാണ് അരുണിനിഷ്ടം; എല്ലാവരോടും.
കൈമുട്ടിനു സമീപം ഒരു ചെറിയ മുഴ വന്നതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് വട്ടപ്പാറ വേങ്കോട് ബിസി ഹൗസിൽ എം. ഭുവനചന്ദ്രന്റെയും ഡി.തങ്കമണിയുടെയും മകനായ ബി. അരുണ്‍ ആശുപത്രിയിലെത്തിയത്. തുടർ പരിശോധനയിൽ അരുണിന് കാൻസർ സ്ഥിരീകരിച്ചു.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന പിതാവും മാനിസികശാരീരിക വെല്ലുവിളി നേരിടുന്ന സഹോദരനും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന് അരുണിന്റെ രോഗവിവരം ഒരാഘാതം തന്നെയായിരുന്നു.
നാലാം ഘട്ടത്തിലെത്തിയ രോഗത്തിനു മുന്നിൽ ആ കുടുംബം പകച്ചു നിന്നു. ബലൂണ്‍ കച്ചവടം നടത്തുന്ന അമ്മയുടെ ഏക വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. പക്ഷേ തളർന്നിരിക്കാൻ അരുണ്‍ തയാറായിരുന്നില്ല. സധൈര്യം രോഗത്തെ നേരിട്ട് തന്റെ സ്വപ്നങ്ങളിലേക്കു പറന്നുയരാൻ അരുണ്‍ ആഗ്രഹിച്ചു.
സുമനസുകൾ സഹായത്തിന്റെ കരങ്ങൾ നീട്ടി. പ്രാർഥനകൾ കൂട്ടിരുന്നു. പഠനത്തിനും പരീക്ഷയ്ക്കുമൊപ്പം ചികിത്സയുടെ ഭാഗമായി ആർസിസിയിൽ കീമോ തെറാപ്പിയും നടന്നു. മൂന്നു തവണ കീമോ തെറാപ്പി നടത്തിയതിനു പിന്നാലെ സ്കാനിംഗ് നടത്തിയപ്പോൾ അരുണിന്റെ രോഗം ഭേദമായെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
ഇതിനിടയിൽ പരീക്ഷയും കഴിഞ്ഞു, ഫലപ്രഖ്യാപനവുമെത്തി; ഏഴ് സുവർണ “എ പ്ലസുകൾ’, സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നൂറുമ്മകൾ. നാലാഞ്ചിറ സെന്റ് ജോണ്‍സ് സ്കൂളിലെ വിദ്യാർഥിയായ അരുണിന് പ്ലസ്ടു പഠനവും സെന്റ് ജോണ്‍സിൽ തന്നെ തുടരണമെന്നാണ് ആഗ്രഹം.
അഹ്ലാദത്തിന്റെ നിമിഷങ്ങളിൽ, തന്റെ മകന് പുതുജീവൻ പകർന്ന ദൈവത്തിനും സെന്റ് ജോണ്‍സ് സ്കൂൾ അധികൃതർക്കും വേറ്റിനാട് താബോർ ധ്യാനകേന്ദ്രത്തിനും സഹായഹസ്തങ്ങൾ നീട്ടിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയാണ് അരുണിന്റെ മാതാപിതാക്കൾ.